| Monday, 20th March 2023, 7:35 pm

കയ്യില്‍ കിട്ടിയ ബൗളര്‍മാരെയെല്ലാം തച്ചുടച്ച് സഞ്ജു; ഇനി കളി കാര്യമാകും; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ക്ക് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പ്രാക്ടീസ് സെഷനിലെ വീഡിയോ വൈറലാകുന്നു. സഞ്ജു സാംസണ്‍ ഫാന്‍ പേജ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പിച്ചില്‍ പ്രാക്ടീസിനിറങ്ങിയ സഞ്ജു സ്പിന്‍-പേസ് വ്യത്യാസമില്ലാതെ ബൗളര്‍മാരെ അടിച്ച് ‘കണ്ടം കടത്തുകയായിരുന്നു’. ക്ലാസിക് ഷോട്ടുകളടിക്കുന്ന സഞ്ജു സാംസണാണ് വീഡിയോയിലെ പ്രധാന കാഴ്ച.

സംഗതി ഐ.പി.എല്ലിനുള്ള പ്രാക്ടീസാണെങ്കിലും ഇപ്പോള്‍ പുകയുന്ന വിവാദങ്ങള്‍ക്ക് തീ പകരുന്ന തരത്തിലാണ് താരത്തിന്റെ വീഡിയോ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഏകദിനത്തില്‍ മികച്ച സ്റ്റാറ്റ്‌സ് ഉണ്ടായിരിക്കുമ്പോഴും താരത്തെ തഴയുന്ന അപെക്‌സ് ബോര്‍ഡിന്റെ തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് ആരാധകര്‍ ഈ വീഡിയോ ചര്‍ച്ചയാക്കുന്നത്.

ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായിട്ടും സൂര്യകുമാര്‍ യാദവിനെ ഡ്രോപ് ചെയ്യാന്‍ മനസുകാണിക്കാത്ത ബോര്‍ഡിന്റെ ഇരട്ടത്താപ്പും ചര്‍ച്ചയാകുന്നുണ്ട്.

അതേസമയം ഐ.പി.എല്‍ 2023ല്‍ കഴിഞ്ഞ വര്‍ഷം കയ്യകലത്തില്‍ നിന്നും നഷ്ടപ്പെട്ട കിരീടം എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന വാശിയാണ് സഞ്ജുവിനും കൂട്ടര്‍ക്കുമുള്ളത്.

കഴിഞ്ഞ തവണ ഇന്ത്യന്‍ നിരയില്‍ 150+ സ്‌ട്രൈക്ക് റേറ്റുള്ള ഏക ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ രണ്ടേ രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളും സഞ്ജു തന്നെ. സണ്‍റൈസേഴ്‌സിന്റെ രാഹുല്‍ ത്രിപാഠിയാണ് രണ്ടാമത്തെ ഇന്ത്യന്‍ താരം.

ബട്‌ലറും ജെയ്‌സ്വാളും സഞ്ജുവും ഹെറ്റ്‌മെയറും ഫോമിലെത്തിയാല്‍ ആഞ്ഞടിക്കുന്ന റിയാന്‍ പരാഗും വേണ്ടി വന്നാല്‍ സെഞ്ച്വറി തികയ്ക്കാന്‍ കരീസ്മയുള്ള അശ്വിനുമുള്ള രാജസ്ഥാന്റെ തകര്‍പ്പന്‍ ബാറ്റിങ് നിരയിലേക്ക് ജോ റൂട്ട് അടക്കമുള്ള വമ്പന്‍ പേരുകാരും ഇത്തവണ എത്തിയിട്ടുണ്ട്.

നേരത്തെ നടന്ന ഐ.എല്‍. ടി-20യില്‍ കുട്ടി ക്രിക്കറ്റിലും തന്നെക്കൊണ്ട് പലതും സാധിക്കുമെന്ന് തെളിയിച്ചാണ് റൂട്ട് ഐ.പി.എല്‍ 2023നിറങ്ങുന്നത്. ഏതെങ്കിലുമൊരു ബാറ്റര്‍ക്ക് കളിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ വിശ്വസിച്ച് റീ പ്ലേസ് ചെയ്യാന്‍ റൂട്ടുള്ളപ്പോള്‍ മറ്റൊരാളെയും രാജസ്ഥാന് അന്വേഷിക്കേണ്ടി വരില്ല.

പുത്തന്‍ പുതിയ ആവേശത്തിലാണ് സഞ്ജുവും കൂട്ടരും ഐ.പി.എല്‍ 2023നിറങ്ങുന്നത്. വോണിന്റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടിയ സഞ്ജുവിന് 2008ലെ വോണിന്റെ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

Content Highlight: Sanju Samson’s video during practice session goes viral

We use cookies to give you the best possible experience. Learn more