ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മി
കച്ച ജയം കരസ്ഥമാക്കിയിരുന്നു. മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 308 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 305 റണ്‍സാണ് നേടാന്‍ പറ്റിയത്.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്കായി നായകന്‍ ശിഖര്‍ ധവാനും യുവതാരം ശുഭ്മാന്‍ ഗില്ലും നല്‍കിയത്. ധവാന്‍ 99 പന്ത് നേരിട്ട് 97 റണ്‍സും ഗില്‍ 53 പന്തില്‍ 64 റണ്‍സും നേടിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി 54 റണ്‍സ് നേടിയ ശ്രേയസ് അയ്യരും മികച്ച പന്തുണയാണ് ടീമിന് നല്‍കിയത്.
ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ച സഞ്ജുവിന് പക്ഷെ വീണുകിട്ടിയ അവസരം മുതലാക്കാന്‍ സാധിച്ചില്ല. അഞ്ചാമനായി ക്രിസീലെത്തിയ സഞ്ജു 18 പന്ത് നേരിട്ട് വെറും 12 റണ്‍സാണ് നേടിയത്. വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് സഞ്ജു പുറത്തായത്.
ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും കീപ്പിങ്ങില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു സേവ് ചെയ്ത ഫോറാണ് ഇന്ത്യയെ വിജയിപ്പിച്ചത്.
ലാസ്റ്റ് ഓവറില്‍ 15 റണ്‍സായിരുന്നു വിന്‍ഡീസിന്. ആദ്യ നാല് പന്തില്‍ എട്ട് റണ്‍സ് നേടിയ വിന്‍ഡീസിന് രണ്ട് പന്തില്‍ ഏഴ് റണ്‍സ് കൂടെ മതിയായിരുന്നു. അതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ സിറാജ് ആ പന്തില്‍ ലെഗ് സൈഡില്‍ ഒരു വൈഡെറിയുന്നു.
ഫോറാണെന്ന് എല്ലാവരും ഉറപ്പിച്ച ആ പന്ത് പക്ഷെ സഞ്ജു മികച്ച ഡൈവോട് കൂടി കൈപ്പിടിയിലൊതുക്കുന്നു. പിന്നീടുള്ള രണ്ട് പന്തില്‍ മൂന്ന് റണ്‍സാണ് വിന്‍ഡീസ് ബാറ്റര്‍മാര്‍ നേടിയത്. ആ പന്ത് ഫോര്‍ പോയിരുന്നുവെങ്കില്‍ തീര്‍ച്ചയായും മത്സരം വിന്‍ഡീസ് വിജയിക്കുമായിരുന്നു.
‘പറക്കും സഞ്ജു’ എന്നാണ് അദ്ദേഹത്തെ ട്വിറ്ററില്‍ ആരാധകര്‍ വിളിക്കുന്നത്. ആകാശ് ചോപ്ര, ക്രിക്കറ്റ് അനലിസ്റ്റ് ജോണ്‍സ് ബെന്നി അടക്കമുള്ളവര്‍ സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതിനോടകം താരത്തിന്റെ സേവ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നുണ്ട്.
Content Highlights: Sanju Samson’s super save in India vs West Indies Match is getting applause from twitter