എവിടെ പിഴച്ചു എന്നതിന് നോ ആന്‍സര്‍, എല്ലാ ക്രെഡിറ്റും ആര്‍.സി.ബി ബൗളര്‍മാര്‍ക്ക്: സഞ്ജു
Cricket news
എവിടെ പിഴച്ചു എന്നതിന് നോ ആന്‍സര്‍, എല്ലാ ക്രെഡിറ്റും ആര്‍.സി.ബി ബൗളര്‍മാര്‍ക്ക്: സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th May 2023, 9:17 pm

ഐ.പി.എല്ലിലെ തന്നെ മോശം പ്രകടനമാണ് ഞായറാഴ്ച നടന്ന മത്സരത്തില്‍ സഞ്ജു സാസംണിന്റെ രാജസ്ഥാന്‍ റോയല്‍ കാഴ്ചവെച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ 171 റണ്‍സ് പിന്തുടര്‍ന്നിറങ്ങി രണ്ടാം ബാറ്റിങ്ങില്‍ രാജസ്ഥാന് വെറും 59 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

പ്ലേ ഓഫ് ലക്ഷ്യമാക്കിയുള്ള നിര്‍ണായക മത്സരത്തില്‍ 112 റണ്‍സിന്റെ കൂറ്റന്‍ പരാജയത്തിന്റെ കാരണം പറയുകയാണിപ്പോള്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍.

എവിടെ പിഴച്ചു എന്നതിന് തനിക്ക് ഉത്തരം ഇല്ലെന്ന് മത്സര ശേഷം മീഡിയ റെപ്രസെന്റീവ്‌സ്‌നോട് സംസാരിക്കവെ സഞ്ജു പറഞ്ഞു. പവര്‍പ്ലേയിയിലാണ് സാധാരണ ടീമിന് മേല്‍ക്കൈ നേടാന്‍ കഴിയാറുള്ളതെന്നും എന്നാല്‍ ഇന്നേ ദിവസം അതിന് കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘172 റണ്‍സ് എന്നത് ഒരിക്കലും വലിയൊരു സ്‌കോര്‍ ആയിരുന്നില്ല. പവര്‍പ്ലേ നല്ല രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാത്തത് പ്രശ്‌നമായി. എല്ലാ ക്രഡിറ്റും ആര്‍.സി.ബി ബോളര്‍മാര്‍ക്കുള്ളതാണ്. എവിടെ പിഴച്ചു, അതിനുള്ള ഉത്തരം ഇതുവരെ എന്റെ പക്കലില്ല.

ബാക്കിയുള്ള അവസാന മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഇപ്പോള്‍ സ്‌ട്രോങ്ങായി ഇരിക്കണം. ഈ സീസണ്‍ നന്നായി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. ഒരു ടീമെന്ന നിലയില്‍ ഈ പ്രകടനത്തിന്റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കേണ്ടതുണ്ട്,’ മത്സരശേഷം സഞ്ജു പറഞ്ഞു.

അതേസമയം, ഐ.പി.എല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മോശം റണ്‍സാണ് രാജസ്ഥാന്‍ ഇന്ന് സ്വന്തമാക്കിയത്. ഇതിന് മുമ്പ് 49 റണ്‍സെടുത്ത ബെംഗളൂരുവും 58 റണ്‍സെടുത്ത രാജസ്ഥാനും തന്നെയാണ് മോശം റെക്കോര്‍ഡിലെ ആദ്യ രണ്ട് സ്ഥാനത്തുള്ളത്.

19 പന്തില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറിന് മാത്രമാണ് രാജസ്ഥാന്‍ ബാറ്റിങ്ങ് നിരയില്‍ ഇന്ന് കുറച്ചെങ്കിലും തിളങ്ങിയത്. 10 റണ്‍സെടുത്ത ജോ റൂട്ടിനെ കൂടാതെ ബാക്കി ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയ ആര്‍ക്കും രണ്ടക്കം കാണാനായില്ല.