സ്‌പെഷ്യല്‍ മത്സരത്തില്‍ തോറ്റ് സഞ്ജുവിന്റെ രാജസ്ഥാന്‍; നാല് വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പ് സങ്കടക്കഥയായി
Cricket news
സ്‌പെഷ്യല്‍ മത്സരത്തില്‍ തോറ്റ് സഞ്ജുവിന്റെ രാജസ്ഥാന്‍; നാല് വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പ് സങ്കടക്കഥയായി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th April 2023, 11:59 pm

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച്
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സ്വന്തം ഹോം ഗ്രൗണ്ടായ ജയ്പൂരിലേക്ക് മടങ്ങിയെത്തുന്നു എന്നത് തന്നെയാണ് റോയല്‍സിനെ സംബന്ധിച്ച് ഈ മത്സരം സ്പെഷ്യലാകാന്‍ കാരണം.

എന്നാല്‍ ഈ സ്‌പെഷ്യല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയിരിക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 10 റണ്‍സിനാണ് ലഖ്നൗവിന്റെ വിജയം. ലഖ്നൗ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കൈല്‍ മായേഴ്സാണ് ലഖ്നൗവിനായി ബാറ്റിങ്ങില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി തുടക്കത്തില്‍ യശസ്വി ജയ്‌സ്വാളും ജോസ് ബട്ടലറും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് നല്‍കിയെങ്കിലും, മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ സമ്പൂര്‍ണമായി ലഖ്നൗ ബോളര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇതാണ് തങ്ങള്‍ക്ക് ഏറ്റവും സ്‌പെഷ്യലായ, മൂന്ന് വര്‍ഷവും 11 മാസവും 22 ദിവസവും നീണ്ട ഇടവേളക്ക് ശേഷം തങ്ങളുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ചത്.

ഐ.പി.എല്ലിന്റെ 2019 എഡിഷനിലാണ് രാജസ്ഥാന്‍ അവസാനമായി ജയ്പൂരില്‍ കളിച്ചത്. 2020, 2021 എഡിഷനുകള്‍ കൊവിഡിനെ തുടര്‍ന്ന് യു.എ.ഇയില്‍ വെച്ചായിരുന്നു നടന്നത്. ഐ.പി.എല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 15ാം സീസണിലാകട്ടെ മുംബൈ ആയിരുന്നു ഭൂരിഭാഗം മത്സരങ്ങള്‍ക്കും വേദിയായത്.

ഐ.പി.എല്‍ 2022ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സ് അടക്കമുള്ള മറ്റ് സ്റ്റേഡിയങ്ങളില്‍ വെച്ച് നടത്തിയെങ്കിലും ഒന്നും ജയ്പൂരിലേക്കെത്തിയില്ല.

ഈ സീസണില്‍ രാജസ്ഥാന്‍ ഇതിനോടകം തന്നെ തങ്ങളുടെ രണ്ട് ഹോം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അത് രണ്ടും സെക്കന്റ് ഹോം സ്റ്റേഡിയമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു നടന്നത്.

മൂന്ന് വര്‍ഷത്തെയും 11 മാസത്തെയും 22 ദിവസത്തെയും കാത്തിരിപ്പിനൊടുവിലാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നത്. ഈ മത്സരം തോറ്റതിന്റെ നിരാശയിലാണ് രാജസ്ഥാന്‍ ആരാധകര്‍.