ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ ആദ്യ മത്സരത്തിനിടെ പരിക്കേറ്റതിന് പിന്നാലെ തന്റെ പരിക്കിനേക്കുറിച്ചുള്ള അപ്‌ഡേറ്റുമായി സഞ്ജു. ഒന്നും പേടിക്കാനില്ലെന്നും ഉടന്‍ തന്നെ തിരിച്ചെത്തുമെന്നുമാണ് സഞ്ജു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
‘ഓള്‍ ഈസ് വെല്‍, സീ യൂ സൂണ്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ ഇന്ത്യന്‍ വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ ആശംസകളുമായി എത്തിയിട്ടുമുണ്ട്. ‘ഗെറ്റ് വെല്‍ സൂണ്‍ ബ്രോ’ എന്നാണ് ഗബ്ബര്‍ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.
സഞ്ജുവിന്റെ പരിക്ക് അത്രത്തോളം സാരമുള്ളതല്ല എന്നും പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കളിച്ചേക്കുമെന്നും വിവിധ കായിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്.
ശ്രീലങ്കന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ സഞ്ജു ഒരു ആക്രോബാക്ടിക് ക്യാച്ചിന് ശ്രമിച്ചിരുന്നു. ഓവറില്‍ ശ്രീലങ്കന്‍ ബാറ്റര്‍ ഹര്‍ദിക് പാണ്ഡ്യയെ ഫ്‌ളിക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉയര്‍ന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലതുക്കാന്‍ സഞ്ജു ചാടിയെങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
സഞ്ജു ക്യാച്ച് കൈപ്പിടിയിലൊതുക്കിയെങ്കിലും താഴെ വീണതോടെ പന്ത് താരത്തിന്റെ കയ്യില്‍ നിന്നും തെറിച്ചുപോവുകയായിരുന്നു. അതിന് ശേഷവും താരം ഫീല്‍ഡിങ് തുടര്‍ന്നിരുന്നു.
ഇതിന് പുറമെ ഒരു ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താരം റഫായി സ്ലൈഡ് ചെയ്ത് വീഴുകയും ചെയ്തിരുന്നു. താഴെ വീണതിന് ശേഷം കാല്‍മുട്ടില്‍ വേദന കൊണ്ട് തടവുന്നതും കാണാമായിരുന്നു.
മത്സരം പൂര്‍ത്തിയാക്കിയെങ്കിലും മത്സരശേഷം കാല്‍മുട്ടിന് വീക്കം അനുഭവപ്പെട്ടതോടെ താരം മെഡിക്കല്‍ അഡൈ്വസ് സ്വീകരിക്കുകയായിരുന്നു.
അതേസമയം, സഞ്ജുവിന് പകരക്കാരനായി ജിതേഷ് ശര്‍മയെ ബി.സി.സി.ഐ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതുവരെ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞിട്ടില്ലാത്ത താരമാണ് ജിതേഷ് ശര്‍മ. സഞ്ജുവിന് പകരക്കാരനായി സ്‌ക്വാഡിലെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ജിതേഷിനെ ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 19 സിക്സറുമായി താരം തിളങ്ങിയിരുന്നു.
ഏഴ് ഇന്നിങ്സില്‍ നിന്ന് 214 റണ്‍സാണ് അദ്ദേഹം നേടിയത്, ഒപ്പം 235.16 എന്ന പടുകൂറ്റന്‍ സ്ട്രൈക്ക് റേറ്റും. 71 ടി-20യില്‍ നിന്നായി 1787 റണ്‍സ് നേടിയ താരത്തിന് 30ന് മുകളില്‍ ശരാശരിയും 147.93 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്. ഏത് റോളിലും തിളങ്ങാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് 29 കാരനായ ജിതേഷ് ശര്‍മ.