| Monday, 10th October 2022, 12:59 pm

കണക്കുകള്‍ കഥ പറയുന്നു; ടി-20 ലോകകപ്പിന് ഒഴിവാക്കിയവര്‍ക്ക് തന്നെ സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള എല്ലാ യോഗ്യതയും ഇപ്പോള്‍ സഞ്ജുവിനുണ്ട്. ഇതുവരെ കളിച്ച മത്സരങ്ങളിലെയും ഇന്നിങ്‌സുകളിലൂടെയും ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാവും ഏകദിനത്തില്‍ സഞ്ജു എത്രത്തോളം അപകടകാരിയാണെന്ന് മനസിലാവാന്‍.

വിരാട് കോഹ്‌ലി ടി-20യില്‍ സെഞ്ച്വറി നേടിയപ്പോള്‍ പരിഹസിച്ച പലരും പറഞ്ഞ ഒരു കാര്യം ‘അത് അഫ്ഗാനിസ്ഥാനെതിരയല്ലേ’ എന്നതാണ്. സമാനമായ പല പരിഹാസങ്ങളും സഞ്ജുവിന്റെ ഇന്നിങ്‌സുകളെ ക്രൂശിച്ചേക്കാം. ‘കളിച്ച പല കളിയും കുഞ്ഞന്‍ ടീമുകള്‍ക്കൊപ്പമല്ലേ, അതിനെ ഇത്രത്തോളം വലുതാക്കി കാണേണ്ടതുണ്ടോ’ എന്നതാവും ആ പരിഹാസം.

എന്നാല്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയടിച്ചതും, സഞ്ജു വെടിക്കെട്ട് പ്രകടനം നടത്തിയതെല്ലാം തന്നെ അന്താരാഷ്ട്ര മത്സരങ്ങളിലായിരുന്നു എന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വം മറക്കുകയാണ്.

‘എട്ട് മത്സരങ്ങള്‍, 292 റണ്‍സ്, ശരാശരി-73, സ്‌ട്രൈക്ക് റേറ്റ് – 106.95’ ഇതാണ് ഇതുവരെയുള്ള സഞ്ജുവിന്റെ ഏകദിന കരിയര്‍. താരം ഒരു വണ്‍ ടൈം വണ്ടറല്ല എന്ന് തെളിയിക്കുന്ന ഇന്നിങ്‌സുകളും ഷോട്ടുകളുമായിരുന്നു സെലക്ടര്‍മാരുടെ കണ്ണില്‍ പെടാത്ത ഈ മലയാളി പയ്യന്റെ ബാറ്റില്‍ നിന്നും പിറന്നത്.

46(46), 12(18), 54(51), 6*(7), 43*(39), 15(13), 86*(63), 30*(36) ഇതാണ് കഴിഞ്ഞ എട്ട് ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും സഞ്ജു നേടിയത്. ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലെ മാന്ത്രികതയും ആക്രോബാക്ടിക് സ്‌കില്ലുകളും ഇന്ത്യയെ വിജയപ്പിച്ച മത്സരങ്ങളും ഏറെയാണ്.

ലോകകപ്പ് വരെ ഇതേ രീതിയില്‍ തന്നെ സഞ്ജു തുടരുകയാണെങ്കില്‍ താരത്തെ തഴയാന്‍ സെലക്ടര്‍മാര്‍ക്ക് കാരണങ്ങള്‍ കണ്ടെത്തേണ്ടി വരും.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ച ഇന്നിങ്‌സുകള്‍ മാത്രം മതി ലോകകപ്പ് ടീമില്‍ താരം എത്രത്തോളം സ്ഥാനം അര്‍ഹിക്കുന്നു എന്ന കാര്യം വ്യക്തമാകാന്‍.

ക്യാപ്റ്റന്‍ ശിഖര്‍ ധവാനടക്കമുള്ള മുന്‍നിരയൊന്നാകെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിട്ടും മധ്യനിരയില്‍ സഞ്ജു പിടിച്ചുനിന്നു. വമ്പന്‍ മാര്‍ജിനില്‍ തോല്‍വി വഴങ്ങേണ്ടിയിരുന്ന മത്സരം ഇന്ത്യ തോറ്റത് വെറും ഒമ്പത് റണ്‍സിനാണ്.

പടുകുഴിയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ താങ്ങി നിര്‍ത്തിയത് സഞ്ജുവിന്റെയും ശ്രേയസ് അയ്യരിന്റെയും ഇന്നിങ്‌സാണ്. ശ്രേയസ് പുറത്തായപ്പോഴും ഇന്ത്യയെ സഞ്ജു മുന്നോട്ട് നയിച്ചു.

ഒടുവില്‍ പടുകുഴിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയിട്ടും, പടുകുഴിയിലേക്ക് തള്ളിയിട്ടവരെ വിമര്‍ശിക്കാതെ കൈപിടിച്ചുയര്‍ത്താന്‍ നോക്കിയവനെ മാത്രം വിമര്‍ശിക്കുന്ന സ്വഭാവവും ചില ആരാധകര്‍ കാണിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തിലും സഞ്ജു സെന്‍സിബിള്‍ ഇന്നിങ്‌സായിരുന്നു പുറത്തെടുത്തത്. 36 പന്തില്‍ നിന്നും പുറത്താവാതെ 30 റണ്‍സെടുത്ത സഞ്ജു ഒരറ്റത്ത് ഉറച്ച് നിന്ന് ശ്രേയസിനെ ആക്രമിച്ചു കളിക്കാന്‍ അനുവദിക്കുകയായിരുന്നു.

തന്റെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും മാറിയായിരുന്നു സഞ്ജു കളിച്ചത്. ആക്രമിച്ചു കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന സഞ്ജു ഒരു ഫോറും ഒരു സിക്‌സറും മാത്രമാണ് കഴിഞ്ഞ ദിവസം നേടിയത്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തിലും സഞ്ജു നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ മധ്യനിരയെ തന്നെ ടാര്‍ഗെറ്റ് ചെയ്തായിരിക്കും പ്രോട്ടീസ് തന്ത്രങ്ങള്‍ മെനയുക.

Content Highlight: Sanju Samson’s ODI career

We use cookies to give you the best possible experience. Learn more