|

അടുത്ത തവണ നേരില്‍ കാണുമ്പോള്‍ നിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം; തരംഗമായി സഞ്ജുവിന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഫേവറിറ്റുകളായി വലയിരുത്തപ്പെടുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 2008ല്‍ കിരീടം സ്വന്തമാക്കുകയും കഴിഞ്ഞ സീസണില്‍ ഫൈനലില്‍ പരാജയപ്പെടുകയും ചെയ്ത പിങ്ക് വാരിയേഴ്‌സ് ഇത്തവണ ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണാണ് ടീമിന്റെ ഏയ്‌സ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ച സഞ്ജു ഇത്തവണയും അതാവര്‍ത്തിക്കുമെന്നും ടീമിനെ കിരീടമണിയിക്കുമെന്നാണ് മാനേജ്‌മെന്റും കരുതുന്നത്. കളത്തിനുള്ളിലെ താരത്തിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല, കളിക്കളത്തിന് പുറത്ത് സഞ്ജു സഹതാരങ്ങളുമായി പുലര്‍ത്തുന്ന ബന്ധവും ടീമിനെ കരുത്തുറ്റതാക്കുന്നുണ്ട്.

രാജസ്ഥാന്‍ ടീമിലെ സഞ്ജുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസ് കരുത്തന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ഇരുവരും മികച്ച ബന്ധമാണ് കളിക്കളത്തിനകത്തും പുറത്തും പുലര്‍ത്തി വരുന്നത്.

ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. സഞ്ജുവിന്റെ ചിത്രത്തിന് ഹെറ്റ്‌മെയര്‍ പങ്കുവെച്ച കമന്റും അതിന് സഞ്ജു നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

കറുത്ത ജാക്കറ്റണിഞ്ഞ് തന്റെ സ്‌പോര്‍ട്‌സ് ബൈക്കിനടുത്ത് നില്‍ക്കുന്ന ചിത്രം സഞ്ജു സാംസണ്‍ സമൂഹമാധ്യമങ്ങില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് കമന്റുമായാണ് ഹെറ്റ്‌മെയറെത്തിയത്.

‘Not a bad look for u @imsanjusamson… hopefully u no what to do with that machine.’ എന്നായിരുന്നു ഹെറ്റ്‌മെയര്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി അതെല്ലാം തനിക്കറിയാമെന്നും ഇനി നേരില്‍ കാണുമ്പോള്‍ എന്ത് ചെയ്യണമെന്നും അറിയാം എന്നുമായിരുന്നു സഞ്ജു മറുപടി നല്‍കിയത്.

എത്രയും പെട്ടെന്ന് തന്നെ പരസ്പരം കാണാന്‍ സാധിക്കുമെന്നാണ് ഇതിന് ഹെറ്റിയുടെ റിപ്ലേ.

ആരാധകര്‍ ഈ ചിത്രവും ഇരുവരുടെയും കമന്റുകളും ആഘോഷമാക്കുകയാണ്.

ഇതിനൊപ്പം തന്നെ സഞ്ജുവിന്റെ ചിത്രമുള്‍പ്പെടുത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റും ചര്‍ച്ചയാകുന്നുണ്ട്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ താരം അണ്ടര്‍ടേക്കറിന്റെ അമേരിക്കന്‍ ബാഡ് ആസ് ക്യാരക്ടര്‍, എം.എസ് ധോണി, റോക്കി ഭായ്, എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് രാജസ്ഥാന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

ശക്തമായ സ്‌ക്വാഡുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ സ്‌ക്വാഡ് ഡെപ്ത് കഴിഞ്ഞ മിനി ലേലത്തില്‍ ഉയര്‍ന്നിരുന്നു. ടീമിന് ആവശ്യമായിരുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറായി ജേസണ്‍ ഹോള്‍ഡറിനെ ടീമിലെത്തിച്ച രാജസ്ഥാന്‍ ജോ റൂട്ടിനെയും ആദം സാംപയെയും ചുളുവിലക്ക് സ്വന്തമാക്കിയിരുന്നു.

മിനി ലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ജോ റൂട്ട്, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ.

Content Highlight: Sanju Samson’s new photo and Shimraon Hetmyer’s comment on it goes viral

Video Stories