ഈഡന്‍ ഗാര്‍ഡന്‍സിന്റെ നാലുപാടേക്കും പന്തുകളെ നിരന്തരം പായിച്ചു കൊണ്ട് സഞ്ജു വിശ്വനാഥ് സാംസണ്‍ എന്ന മലയാളി പയ്യന്‍ ഇന്ത്യന്‍ നാഷണല്‍ ടീം സെലക്ടെഴ്‌സിന് നേരെ ചോദ്യശരമെറിയുന്നു, ഇനിയും ഞാനെന്താണ് തെളിയിക്കേണ്ടത്… എവിടെയാണ് തെളിയിക്കേണ്ടത്…
വെസ്റ്റ് ഇന്‍ഡീസ് ബ്രൂട്ടല്‍ ഹിറ്റിംഗ് ചാരുതയോടെയാണ് സഞ്ജു ബാറ്റ് വീശുന്നത്.
യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് എടുത്ത് മാനസികാധിപത്യം നേടി നിന്ന, ടൂര്‍ണമെന്റിന്റെ റണ്‍വേട്ടക്കാരന്‍ ജോസ് ബട്ലറിനെ മെരുക്കി നിര്‍ത്തിയ ഗുജറാത്ത് ബൗളിംഗിനെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി മാനസികാധിപത്യം തന്റെ സൈഡിലേക്ക് തിരിക്കാന്‍ സഞ്ജുവിനെ പോലെ എത്ര ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിയും അല്ലെങ്കില്‍ എത്ര പേര്‍ അതിന് തയാറാവും?
അവിടെയാണ് സഞ്ജു വ്യത്യസ്ഥനാകുന്നത്.
തന്റെ നേട്ടങ്ങളെക്കാള്‍ ടീമിന് നേട്ടമുണ്ടാക്കാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്ന കംപ്ലീറ്റ് ടീം മാന്‍ ആണയാള്‍.
സ്‌കോര്‍ കാര്‍ഡുകളില്‍ കളിയെ വിലയിരുത്തുന്നവര്‍ക്ക് അയാള്‍ കളിയില്‍ ഉണ്ടാക്കിയ ഇംപാക്ട് ബോധ്യപ്പെടണമെന്നില്ല. ഇന്നത്തെ ഇന്നിംഗ്‌സ് പോലെ ടീമിനെ ട്രാക്കിലാക്കി വിരാട് കോഹ്‌ലിയുടെ അനായാസതയോടെ രോഹിത് ശര്‍മയുടെ ചാരുതയോടെ ഷോട്ടുകള്‍ കളിച്ചവസാനിപ്പിച്ചയാള്‍ മൈതാനം വിടും.
അങ്ങനെ മാത്രം അവസാനിപ്പിക്കേണ്ട കരിയര്‍ അല്ല അയാളുടേത് എന്ന് അയാളുടെ പ്രതിഭ സാക്ഷ്യം പറയും. ഒരുനാള്‍ അയാളും നീലകുപ്പായത്തില്‍ നിറസാന്നിധ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാത്തിരിക്കാം.
അമല്‍ ഓച്ചിറ
Content highlight: Sanju Samson’s hard hitting on IPL play offs