ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കിരീടവരള്‍ച്ചക്കൊടുവിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 2007ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരാകുന്നത്.
ഇതോടെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ മലയാളി താരങ്ങള്‍ സ്‌ക്വാഡിലുണ്ടെങ്കില്‍ ഇന്ത്യ കപ്പ് നേടുമെന്ന ആരാധകരുടെ വിശ്വാസവും സത്യമായി വന്നിരിക്കുകയാണ്. ഇതിന് മുമ്പ് ഇന്ത്യ കിരീടം നേടിയ 1983 ലോകകപ്പിലും 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു.
സുനില്‍ വല്‍സനായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ക്കിടയിലെ മലയാളി. 2007ലും 2011ലും എസ്. ശ്രീശാന്ത് ഇന്ത്യക്കൊപ്പം കിരീടം ചൂടി.
ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിട്ട് ഇന്ത്യ ഒരിക്കല്‍ക്കൂടി കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായപ്പോള്‍ സഞ്ജു സാംസണായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചില്ലെങ്കിലും സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി താരം കളത്തിലിറങ്ങിയിരുന്നു.
ഇപ്പോള്‍ ടീമില്‍ മലയാളി താരമുണ്ടെങ്കില്‍ ഇന്ത്യ കിരീടം നേടുമെന്ന ‘ശാസ്ത്ര പ്രചരണ’ത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന് ടീമിന്റെ ലെയ്‌സണ്‍ ഓഫീസറും ഇന്ത്യന്‍ ക്യാമ്പിലെ മറ്റൊരു മലയാളി സാന്നിധ്യവുമായ സിബി ഗോപാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു തമാശപൂര്‍വം ഇക്കാര്യം പറഞ്ഞത്.
‘ടീമില്‍ ഒരു മലയാളി എങ്കിലും ഉണ്ടെങ്കില്‍ വേള്‍ഡ് കപ്പ് കിട്ടും എന്ന ശാസ്ത്ര പ്രചരണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?’ എന്ന സിബിയുടെ ചോദ്യത്തിന് ‘ഇനി വിശ്വസിച്ചേ പറ്റൂ, കാര്യങ്ങള്‍ അങ്ങനെ ആയിപ്പോയില്ലേ,’ എന്നാണ് സഞ്ജു മറുപടി പറഞ്ഞത്.
ഇന്ത്യ ഈ ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്നും പല തവണ ഫൈനലിലും സെമി ഫൈനലിലും പരാജയപ്പെട്ടെങ്കിലും ക്രിക്കറ്റ് എന്ന ഗെയിം ഇന്ത്യക്ക് ഒരു വേള്‍ഡ് കപ്പ് തരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനമാണ് ഇനി സഞ്ജുവിന് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ സിംബാബ്‌വേയില്‍ കളിക്കുക.
സിംബാബ്‌വന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.
ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം
ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്
രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്
മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്
നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്
അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്
Content Highlight: Sanju Samson’s funny reply to the question of winning the World Cup if there were Malayali in the team