ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരക്ക് പിന്നാലെ റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തി സഞ്ജു. ഏകദിന ബാറ്റര്‍മാരുടെ ഐ.സി.സി റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിലാണ് സഞ്ജു എത്തി നില്‍ക്കുന്നത്.
ഏകദേശം 104 സ്ഥാനങ്ങള്‍ മറികടന്ന് നിലവില്‍ 93ാം സ്ഥാനത്താണ് സഞ്ജു. 442 റേറ്റിങ് പോയിന്റാണ് നിലവില്‍ താരത്തിനുള്ളത്.
അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ ഏകദിന ഫോര്‍മാറ്റില്‍ കസറിയ സഞ്ജുവിന് ഇന്ത് – സൗത്ത് ആഫ്രിക്ക പരമ്പരയാണ് നിര്‍ണായകമായത്. പരമ്പരയിലെ ആദ്യമത്സരം മുതല്‍ മികച്ച പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്.
ഇന്ത്യ പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ 63 പന്തില്‍ നിന്നും 86 റണ്‍സാണ് താരം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ 36 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ സഞ്ജു മൂന്നാം മത്സരത്തില്‍ നാല് പന്തില്‍ നിന്നും രണ്ട് റണ്‍സാണ് നേടിയത്.
സഞ്ജുവിനൊപ്പം ബാറ്റിങ്ങില്‍ കരുത്തായ ശ്രേയസ് അയ്യര്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 33ാം സ്ഥനത്തെത്തിയപ്പോള്‍ പരമ്പരയില്‍ പാടെ പരാജയമായ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 17ാം റാങ്കിലേക്ക് വീണു.
പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ആദ്യ ഇന്ത്യന്‍ ബാറ്ററുള്ളത്. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാമതെത്തിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ഒന്നാമന്‍. തൊട്ടുപുറകെ എട്ടാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഉണ്ട്.