| Sunday, 23rd April 2023, 4:49 pm

'ചിന്നസ്വാമിയില്‍ 45 പന്തില്‍ നിന്നും 10 സിക്‌സറടക്കം സഞ്ജു 92 റണ്‍സ് നേടിയപ്പോഴും ആര്‍.സി.ബിക്ക് ഇതേ പച്ച ജേഴ്‌സിയായിരുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 32ാം മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുകയാണ്. ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി പച്ച ജേഴ്‌സിയണിഞ്ഞാണ് ബെംഗളൂരു കളത്തിലിറങ്ങിയത്. സീസണില്‍ ഒരിക്കല്‍ മാത്രമാണ് ആര്‍.സി.ബി പച്ച ജേഴ്‌സി അണിയാറുള്ളത്. പക്ഷേ പച്ച ജേഴ്‌സി ആര്‍.സി.ബിക്ക് ഒരിക്കലും രാശിയായിരുന്നില്ല. ഈ ജേഴ്‌സിയില്‍ കളിച്ച മിക്ക മത്സരങ്ങളും ആര്‍.സി.ബി പരാജയപ്പെട്ടിരുന്നു.

എന്നാല്‍ പച്ച ജേഴ്‌സിയില്‍ ആര്‍.സി.ബി വിജയച്ചപ്പോഴെല്ലാം തന്നെ ടീം പ്ലേ ഓഫില്‍ കടന്നിട്ടുമുണ്ടായിരുന്നു. ഐ.പി.എല്‍ ആരാധകര്‍ക്ക് ഒരിക്കല്‍പ്പോലും മറക്കാന്‍ സാധിക്കാത്ത പല മൊമെന്റുകളും പച്ച ജേഴ്‌സിയില്‍ ആര്‍.സി.ബി സമ്മാനിച്ചിട്ടുണ്ട്. ഇതാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ചാ വിഷയം.

2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്കെതിരെ ക്രിസ് ഗെയ്ല്‍ ഒരു ഓവറില്‍ 37 റണ്‍സ് നേടിയതും 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡി വില്ലിയേഴ്‌സും വിരാടും സെഞ്ച്വറിയടിച്ചതും കഴിഞ്ഞ സീസണില്‍ ഹസരങ്ക സണ്‍റൈസേഴ്‌സിനെതിരെ ഫൈഫര്‍ തികച്ചതുമെല്ലാം പച്ച ജേഴ്‌സി ധരിച്ചുകൊണ്ടായിരുന്നു.

എന്നാല്‍ പച്ച ജേഴ്‌സിയില്‍ ആര്‍.സി.ബി തോറ്റ മത്സരങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ഐ.പി.എല്‍ 2018ല്‍ സഞ്ജു സ്റ്റോമില്‍ ആര്‍.സി.ബി ഒലിച്ചുപോയ മത്സരമാണ് അതില്‍ പ്രധാനം.

ഐ.പി.എല്‍ 2018ലെ 11ാം മത്സരത്തിലായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പിറന്നത്. ചിന്നസ്വാമിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 45 പന്തില്‍ നിന്നും പുറത്താവാതെ 92 റണ്‍സ് നേടിയാണ് സഞ്ജു ബാറ്റിങ്ങില്‍ തരംഗമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ സഞ്ജുവിന്റെ വെടിക്കെട്ടില്‍ തകര്‍പ്പന്‍ സ്‌കോറിലെത്തിയിരുന്നു. രണ്ട് ബൗണ്ടറിയും പത്ത് സിക്‌സറും പറത്തിയാണ് സഞ്ജു 45 പന്തില്‍ നിന്നും പുറത്താവാതെ 92 റണ്‍സ് നേടിയത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു വിരാടിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും 198 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

19 റണ്‍സിന് രാജസ്ഥാന്‍ വിജയിച്ച മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തതും സഞ്ജുവിനെ തന്നെയായിരുന്നു.

അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ ആര്‍.സി.ബി 128 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 63 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും 55 റണ്ണടിച്ച ഫാഫ് ഡു പ്ലെസിസുമാണ് ആര്‍.സി.ബിക്കായി മികച്ച രീതിയില്‍ ബാറ്റ് വീശുന്നത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും രണ്ട് റണ്‍സ് നേടിയ ഷഹബാസ് അഹമ്മദിന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഈ വിക്കറ്റുകള്‍ നേടിയത്.

Content Highlight: Sanju Samson’s brilliant innings against RCB in IPL 2018

We use cookies to give you the best possible experience. Learn more