റാഷിദ് ഖാനെതിരെ സഞ്ജുവിന്റെ തല്ലുമാല... പടുകുഴിയില്‍ നിന്നും ടീമിന് പ്രതീക്ഷയേകുന്ന ക്യാപ്റ്റന്‍
IPL
റാഷിദ് ഖാനെതിരെ സഞ്ജുവിന്റെ തല്ലുമാല... പടുകുഴിയില്‍ നിന്നും ടീമിന് പ്രതീക്ഷയേകുന്ന ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th April 2023, 11:03 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് പൊരുതുന്നു. 2023ലെ 23ാം മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നതോടെയാണ് രാജസ്ഥാന്‍ പ്രതിസന്ധിയിലായത്.

ജോസ് ബട്‌ലര്‍ അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ ഏഴ് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായാണ് ജെയ്‌സ്വാള്‍ പുറത്തായത്. മൂന്നാമനായി കളത്തിലിറങ്ങി 25 പന്തില്‍ നിന്നും 26 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെയും വിക്കറ്റും വീണതോടെ രാജസ്ഥാന്‍ നിന്ന് പരുങ്ങി.

നാലാം നമ്പറിലിറങ്ങി സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച സഞ്ജു ഒരുവേള 18 പന്ത് നേരിട്ട് വെറും 20 റണ്‍സായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് അറ്റാക്കിങ് മോഡിലേക്ക് ചുവടുമാറ്റിയ സഞ്ജുവിനെയായിരുന്നു ഗുജറാത്ത് കണ്ടത്.

മത്സരത്തിന്റെ 13ാം ഓവറിലാണ് സഞ്ജു സാംസണിന്റെ വിശ്വരൂപം ആരാധകര്‍ കണ്ടത്. റാഷിദ് ഖാന്‍ എറിഞ്ഞ ആദ്യ പന്തില്‍ റണ്ണൊന്നും പിറന്നില്ലെങ്കിലും പിന്നീടെറിഞ്ഞ മൂന്ന് പന്തില്‍ നിന്നും മൂന്ന് സിക്‌സറാണ് സഞ്ജു അടിച്ചുകൂട്ടിയത്.

13ാം ഓവറിലെ രണ്ടാം പന്ത് ലോങ് ഓഫിലേക്ക് തൊടുത്തുവിട്ട സഞ്ജു തൊട്ടടുത്ത പന്തില്‍ ഡിപ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് പറത്തി. 13ാം ഓവറിലെ നാലാം പന്തില്‍ റാഷിദ് ഖാനെ വീണ്ടും സിക്‌സറിന് പറത്തിയാണ് സഞ്ജു ഹാട്രിക് പൂര്‍ത്തിയാക്കിയത്.

സഞ്ജുവിനൊപ്പം ചേര്‍ന്ന് മറുവശത്ത് നിന്ന് ഹെറ്റ്‌മെയറും മികച്ച പ്രകടനം കാഴ്ചവെച്ചു.

നേരിട്ട 29ാം പന്തില്‍ സിംഗിള്‍ നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു നേരിട്ട അടുത്ത പന്തില്‍ സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു. ഇംപാക്ട് പ്ലെയറായെത്തിയ നൂര്‍ അഹമ്മദിന്റെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു മടങ്ങിയത്.

32 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റണ്‍സിന് വിക്കറ്റ് എന്ന നിലയിലാണ്. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന ഷിംറോണ്‍ ഹെറ്റ്‌മെയറും ധ്രുവ് ജുറെലുമാണ് ക്രീസിലുള്ളത്. ഹെറ്റി 19 പന്തില്‍ നിന്നും 36 റണ്‍സ് നേടിയപ്പോള്‍ ജുറെല്‍ ഏഴ് പന്തില്‍ നിന്നും 11 റണ്‍സും നേടി.

 

 

Content highlight: Sanju Samson’s brilliant batting against Gujarat Titans