2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ടാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.
ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ 2024 ഐ.പി.എല്‍ സീസണിലെ പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ഇപ്പോഴിതാ രാജസ്ഥാന്റെ ഈ വിജയ കുതിപ്പിന് പിന്നിലെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍.
‘ഈ സീസണിലെ രാജസ്ഥാന്റെ മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ഒരുപാട് തന്ത്രങ്ങള്‍ ഞങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ വളരെ നല്ല രീതിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മികച്ച പ്രകടനം വരും മത്സരങ്ങള്‍ തുടരേണ്ടത് ആവശ്യമാണ്. ടീം മീറ്റിങ്ങുകളില്‍ എങ്ങനെ മത്സരങ്ങള്‍ വിജയിച്ചെടുക്കാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യാറുണ്ട്,’ സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞു.
മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പറായി നില്‍ക്കുന്നതിനെ കുറിച്ചുള്ള അനുഭവവും സഞ്ജു പങ്കുവെച്ചു.
‘രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റിനു മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെയധികം ഭാഗ്യവാനാണ്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ പിച്ചിനെ കുറിച്ച് കൃത്യമായി വിലയിരുത്താന്‍ എനിക്ക് സാധിക്കും. ഈ മത്സരത്തില്‍ ന്യൂ ബോളില്‍ ബൗളര്‍മാര്‍ക്ക് നല്ല ആനുകൂലം ലഭിച്ചിരുന്നു. പവര്‍ പ്ലേയില്‍ ബൗള്‍ ചെയ്യാന്‍ എത്തിയവരെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്,’ സഞ്ജു പറഞ്ഞു.
മത്സരത്തില്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജുറലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്. ഏഴു ഫോറുകളും നാലു കൂറ്റന്‍ സിക്സുകളും ആണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
34 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടികൊണ്ടായിരുന്നു ജുറലിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരം നേടിയത്.
മെയ് രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson reveals the winning secret of Rajasthan Royals in IPL 2024