ഐ.പി.എല്ലില്‍ രാജസ്ഥാന് തങ്ങളുടെ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.
ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ പഞ്ചാബ് 197 റണ്‍സ് നേടി. 198 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 192 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ സ്ഥിരം ബാറ്റിങ് കോമ്പിനേഷനായിരുന്നില്ല രാജസ്ഥാന്‍ പരീക്ഷിച്ചത്. ജോസ് ബട്‌ലറിന് പകരം ആര്‍. അശ്വിനായിരുന്നു യശസ്വി ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അശ്വിന് സാധിച്ചിരുന്നില്ല. നാല് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് താരം മടങ്ങിയത്. വണ്‍ ഡൗണായെത്തിയ ബട്‌ലര്‍ 11 പന്തില്‍ നിന്നും 19 റണ്‍സുമായി മടങ്ങി.
ഓപ്പണിങ്ങില്‍ അശ്വിനെ കളിപ്പിച്ചതിന് വ്യാപക വിമര്‍ശനങ്ങള്‍ രാജസ്ഥാന് കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ തങ്ങള്‍ എന്തുകൊണ്ട് അത്തരത്തില്‍ ഒരു തീരുമാനമെടുത്തു എന്ന് പറയുകയാണ് ക്യാപ്റ്റന്‍ സഞ്ജു. ഫീല്‍ഡിങ്ങിനിടെ ബട്‌ലറിന് പരിക്കേല്‍ക്കേണ്ടി വന്നിരുന്നുവെന്നും അക്കാരണത്താലാണ് ടീം അശ്വിനെ ഓപ്പണറാക്കിയതെന്നുമാണ് സഞ്ജു പറഞ്ഞത്.
‘ഇതൊരു ബാറ്റിങ് പിച്ചാണ്, ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കും. എന്നാല്‍ പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ പഞ്ചാബ് സ്‌കോര്‍ ചെയ്‌തെങ്കിലും അവരെ 200 കടക്കാതെ തടഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്കായി.
അശ്വിനെ ഇറക്കിയ തീരുമാനത്തില്‍ ഒരിക്കലും തെറ്റ് പറ്റിയിട്ടില്ല, ജോസ് ബട്‌ലര്‍ ആ സമയം പൂര്‍ണമായും ഫിറ്റ് ആയിരുന്നില്ല. മത്സരത്തില്‍ ഒരു ക്യാച്ചെടുത്തിന് പിന്നാലെ അവന്‍ കൈവരലില്‍ തുന്നലിടുകയായിരുന്നു.
മിഡില്‍ ഓവറുകളില്‍ അവരുടെ സ്പിന്നര്‍മാരെ നേരിടാന്‍ ടീമിന് ഒരു ലെഫ്റ്റ് ഹാന്‍ഡറെ ആവശ്യമായിരുന്നു, അതുകൊണ്ടാണ് ദേവ്ദത്ത് പടിക്കലിനെ ഓപ്പണറാക്കാതിരുന്നത്,’ സഞ്ജു പറഞ്ഞു.
കൈവിരലിന് പരിക്കേറ്റ ജോസ് ബട്‌ലര്‍ ദല്‍ഹിക്കെതിരായ മത്സരം കളിക്കാനുള്ള സാധ്യതകള്‍ കുറവാണ്.