ഐ.പി.എല്ലില്‍ തങ്ങളുടെ രണ്ടാം ഹോം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചിരുന്നു. ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും തിളങ്ങിയ മത്സരത്തില്‍ രാജസ്ഥാന്‍ 57 റണ്‍സിനായിരുന്നു വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയിരുന്നു. 200 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ ദല്‍ഹി 142 റണ്‍സിന് പുറത്തായി.
രാജസ്ഥാന്റെ എല്ലാ യൂണിറ്റുകളും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിങ്ങും ചര്‍ച്ചയായിരുന്നു. ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറില്‍ പൃഥ്വി ഷായെ പുറത്താക്കാന്‍ സഞ്ജുവെടുത്ത അവിശ്വസനീയമായ ക്യാച്ചും സോഷ്യല്‍ മീഡിയ ഭരിച്ചിരുന്നു.
മത്സരശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ മാച്ച് അനാലിസിസിനിടെയും ഈ ക്യാച്ച് ചര്‍ച്ചയായിരുന്നു. രാജസ്ഥാന്‍ ഡ്രസിങ് റൂമില്‍ കോച്ച് സംഗക്കാര താരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഈ ക്യാച്ചും കടന്നുവന്നത്.
യഥാര്‍ത്ഥത്തില്‍ സംഗക്കാര മറന്നുപോയ ക്യാച്ചിനെ കുറിച്ച് ഓര്‍മിപ്പിച്ചത് സഞ്ജുവായിരുന്നു. ഇതോടെ ഡ്രസിങ് റൂമില്‍ ചിരിപൊട്ടുകയായിരുന്നു.
‘സഞ്ജു വളരെ മികച്ച രീതിയിലാണ് ടീമിനെ നയിച്ചത്. ബൗളര്‍മാരെ കൃത്യമായി തന്നെ കളത്തിലിറക്കി. നീയെടുത്ത തീരുമാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ചില തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ ഒട്ടും ഭയപ്പെട്ടില്ല, അത് വളരെ മികച്ചതാണ്,’ സംഗ പറഞ്ഞു.
എന്നാല്‍ കോച്ച് തന്റെ ക്യാച്ചിനെ കുറിച്ച് മറന്നുപോയതുകണ്ട സഞ്ജു അതിനെ കുറിച്ച് ഓര്‍മിപ്പിക്കുകയായിരുന്നു. ‘ഓഹ് സോറി, ആ ക്യാച്ചിനെ കുറിച്ച് ഞാന്‍ മറന്നുപോയി. വളരെ മികച്ച ക്യാച്ചായിരുന്നു അത്. ബ്രില്ല്യന്റ്,’ സംഗക്കാര കൂട്ടിച്ചേര്‍ത്തു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടോബിളില്‍ ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാനായി. ഏപ്രില്‍ 12നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവരുടെ തട്ടകമായ ചിദംബരം സ്റ്റേഡിയത്തിലാണ് പിങ്ക് ആര്‍മി അടുത്ത അങ്കത്തിനിറങ്ങുന്നത്.
Content Highlight: Sanju Samson reminds Sangakara about his catch