| Tuesday, 3rd May 2022, 3:32 pm

ഔട്ടായപ്പോള്‍ ബാറ്റ് വലിച്ചെറിഞ്ഞ് സ്റ്റേഡിയം വിട്ടുപോയിട്ടുണ്ട്, ക്രിക്കറ്റ് നിര്‍ത്തിയാലോ എന്നുപോലും ചിന്തിച്ചു: സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് രണ്ട് ജയം മാത്രം അകലെയാണ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ രാജസ്ഥാന്‍ പരാജയപ്പെടുമ്പോള്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും സഞ്ജു തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം മാത്രം മതി സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിംഗും എത്രത്തോളം ഡിപ്പന്‍ഡബിളാണ് അടിവരയിടാന്‍.

ഇപ്പോഴിതാ, ക്രിക്കറ്റിലെ ആദ്യ കാലത്തെ കുറിച്ചും കളിയിലെ തന്റെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജു. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘എനിക്ക് പത്തൊന്‍പതോ ഇരുപതോ വയസുള്ളപ്പോഴാണ് ഞാന്‍ അരങ്ങേറ്റം കുറിച്ചത്. 25 വയസുള്ളപ്പോള്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിലെ ആ അഞ്ച് വര്‍ഷമായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങായ വര്‍ഷങ്ങള്‍. കേരളാ ടീമില്‍ നിന്നുപോലും പുറത്താക്കപ്പെട്ടു.

തിരിച്ചുവരാന്‍ സാധിക്കുമോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്നു. ആ അഞ്ച് വര്‍ഷങ്ങളില്‍ ഞാന്‍ പെട്ടന്ന് തന്നെ ഔട്ടാകുമായിരുന്നു. അത്തരത്തില്‍ ഒരിക്കല്‍ ഞാന്‍ പെട്ടന്ന് തന്നെ പുറത്തായപ്പോള്‍ ഞാന്‍ ബാറ്റ് വലിച്ചെറിയുകയും സ്‌റ്റേഡിയം വിട്ടുപോവുകും ചെയ്തിരുന്നു. കളി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ സ്‌റ്റേഡിയം വിട്ടു പോയത്. ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നുപോലും ഞാന്‍ ചിന്തിച്ചിരുന്നു.

ഞാന്‍ മറൈന്‍ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്ന് ഒരുപാട് ചിന്തിച്ചു. രണ്ടോ നാലോ മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് ഞാന്‍ മടങ്ങിയത്. അപ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. ഞാന്‍ എന്റെ ബാറ്റ് എടുത്ത് നോക്കിയപ്പോള്‍ അത് പൊട്ടിയിരുന്നു എനിക്ക് ഏറെ സങ്കടമായി,’ സഞ്ജു പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ടിരുന്നു. 7 വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

ക്യാപ്റ്റന്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ ബലത്തില്‍ കെട്ടിപ്പൊക്കിയ 152 റണ്‍സായിരുന്നു എതിരാളികള്‍ക്ക് മുന്നില്‍ ടാര്‍ഗറ്റ് വെച്ചത്. എന്നാല്‍ 19.1 ഓവറില്‍ കെ.കെ.ആര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരം തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസരത്തിനൊത്തുയരുന്ന കളിക്കാരനാണെന്നും, ടീമിന് ആവശ്യമുള്ളപ്പോള്‍ രക്ഷകന്റെ റോളിലും എത്താന്‍ തനിക്ക് സാധിക്കും എന്ന് വിളിച്ചുപറയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

ക്യാപ്റ്റന്‍ എന്ന നിലയിലും സഞ്ജുവിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. ശ്രേയസ് അയ്യരിന്റെ ക്യാച്ചില്‍ ബൗള്‍ ചെയ്ത ട്രെന്റ് ബോള്‍ട്ടിന് പോലും ഉറപ്പില്ലാതിരിക്കുകയും അമ്പയര്‍ നോട്ടൗട്ട് വിളിച്ച ഉടന്‍ തന്നെ ഡി.ആര്‍.എസ് എടുക്കുകയും വിധി രാജസ്ഥാന് അനുകൂലമാക്കുകയും ചെയ്താണ് സഞ്ജു ക്യാപ്റ്റനാവാന്‍ യോഗ്യനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചത്.

മെയ് ഏഴിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍.

Content Highlight: Sanju Samson recalls frustrating moments  of his career

We use cookies to give you the best possible experience. Learn more