| Thursday, 5th May 2022, 3:37 pm

വിരാട് കോഹ്‌ലിയടക്കമുള്ള പലരും എന്നെ ഒറ്റപ്പെടുത്തി, കൂടെ നിന്നത് അയാള്‍ മാത്രം; ഇന്ത്യന്‍ ടീമിലെത്തിയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പിന്റെ പ്രധാന ഘടകങ്ങളിലൊന്നും സഞ്ജു തന്നെയാണ്.

പലപ്പോഴായി ഇന്ത്യന്‍ ടീമിലും സഞ്ജു സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാവാത്തതാണ് താരത്തെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാവുന്നത്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ എത്തിയപ്പോഴുണ്ടായിരുന്ന അനുഭവം വെളിപ്പെടുത്തുകയാണ് സഞ്ജു. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

വിരാട് കോഹ്‌ലി നായകനായപ്പോള്‍ നടത്തിയ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അനുഭവമാണ് താരം പറയുന്നത്. ഇന്ത്യന്‍ ടീമിലെ ബാക്ക് അപ് വിക്കറ്റ് കീപ്പറുടെ റോളിലാണ് താരം അന്ന് ടീമിനൊപ്പം ചേര്‍ന്നത്.

എന്നാല്‍ ഡ്രസ്സിംഗ് റൂമിലെത്തിയപ്പോഴുണ്ടായിരുന്ന അനുഭവം ഏറെ ഭീകരമായിരുന്നുവെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയുമായിരുന്നു എന്നും സഞ്ജു പറയുന്നു.

‘ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നപ്പോഴുള്ള സംഭവം എനിക്കിന്നും ഓര്‍മയുണ്ട്. രോഹിത് ഭായ് വിരാട് ഭായ് എല്ലാവരും അവിടെ ഉണ്ടായിരുന്നു. പക്ഷേ ആരുടെ അടുത്തേക്കാണ് പോവേണ്ടതെന്നോ എന്താണ് സംസാരിക്കേണ്ടതെന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു.

അങ്ങനെ നില്‍ക്കുമ്പോഴാണ് രോഹിത് ഭായ് അടുക്കലേക്ക് വന്ന് നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പോയാലോ എന്ന് ചോദിച്ചത്. തീര്‍ച്ചയായും പോവാം ഭയ്യാ എന്ന് ഞാനും. രോഹിത്തിന്റെ അന്നത്തെ പെരുമാറ്റം വളരെ ആശ്വാസകരമായിരുന്നു,’ സഞ്ജു പറയുന്നു.

ടീമിലെത്തിയ യുവതാരത്തിനോടുള്ള സീനിയര്‍ താരങ്ങളുടെ ഇത്തരത്തിലുള്ള പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്.

അതേസമയം, വരാനിരിക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍സിയ്‌ക്കൊപ്പം തന്നെ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികവ് പുലര്‍ത്തുന്നത് താരത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്.

Content Highlight: Sanju Samson recalls abut his experience with Indian Team and New Zealand tour
We use cookies to give you the best possible experience. Learn more