| Friday, 3rd May 2024, 10:02 am

ഹൈദരാബാദിനെതിരെ എന്തുകൊണ്ടാണ് രാജസ്ഥാൻ തോറ്റത്? പ്രതികരണവുമായി സഞ്ജു സാംസൺ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

ഈ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍.

‘ഞങ്ങള്‍ ഈ സീസണില്‍ വിജയത്തിനടുത്തെത്തിയ മത്സരങ്ങള്‍ പരാജയപ്പെട്ടു. ഇത് രണ്ടെണ്ണം ഞങ്ങള്‍ ജയിച്ചു എന്നാല്‍ ഈ മത്സരം ഞങ്ങള്‍ തോറ്റു. ഹൈദരാബാദ് ബൗളര്‍മാര്‍ക്കാണ് എല്ലാ ക്രെഡിറ്റും നല്‍കേണ്ടത്. മത്സരത്തില്‍ ന്യൂ ബോളുകള്‍ക്കെതിരെ ബാറ്റ് ചെയ്യുക എന്നതും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ജെയ്‌സ്വാളും പരാഗും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഞാനും ബട്‌ലറും ആദ്യം തന്നെ പുറത്തായത് ഞങ്ങള്‍ക്ക് തിരിച്ചടിയായി,’ സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞു.

അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ വിജയിക്കാന്‍ രണ്ടു റണ്‍സ് ആവശ്യമുള്ളപ്പോള്‍ റോവ്മാന്‍ പവലിനെ പുറത്താക്കിക്കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ആണ് ഹൈദരാബാദിന് ആവേശകരമായ വിജയം സമ്മാനിച്ചത്.

രാജസ്ഥാന്‍ ബാറ്റിങ്ങില്‍ യശസ്വി ജെയ്സ്വാള്‍ 40 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്സുകളുമാണ് പരാഗ് അടിച്ചെടുത്തത്.

തോറ്റെങ്കിലും 10 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും രണ്ടു തോല്‍വിയും അടക്കം 16 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാന്‍. മെയ് ഏഴിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ക്യാപിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson react Rajasthan Royals defeat against SRH

Latest Stories

We use cookies to give you the best possible experience. Learn more