ബട്ലറല്ല ഞങ്ങൾക്ക് വിജയപ്രതീക്ഷകൾ നൽകിയത്, അവനായിരുന്നു: സഞ്ജു സാംസൺ
Cricket
ബട്ലറല്ല ഞങ്ങൾക്ക് വിജയപ്രതീക്ഷകൾ നൽകിയത്, അവനായിരുന്നു: സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th April 2024, 2:49 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ ഒറ്റയാള്‍ പ്രകടനമാണ് രാജസ്ഥാനെ ജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടി കൊണ്ടായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 178.33 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് ഫോറുകളും ആറ് സിക്‌സുകളുമാണ് താരം നേടിയത്.

എന്നാല്‍ മത്സരശേഷം ജോസ് ബട്‌ലറുടെ പ്രകടനത്തേക്കാള്‍ വെസ്റ്റ് ഇന്‍ഡീസ് താരം റോവ്‌മെന്‍ പവലിന്റെ ഇന്നിങ്‌സ് ആണ് രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

‘രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. നഷ്ടപ്പെട്ട വിക്കറ്റുകളെ കുറിച്ച് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. കൊല്‍ക്കത്തയുടെ സ്പിന്നില്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ മികച്ച പന്തെറിഞ്ഞത്.

ഇവരുടെ ഓവറില്‍ സിക്‌സുകള്‍ ലഭിക്കുമോ എന്ന് ഞങ്ങള്‍ ചിന്തിക്കുകയായിരുന്നു. എന്നാല്‍ അത് ഞങ്ങള്‍ക്ക് പവല്‍ നേടി തന്നു. നരെയ്‌ന്റെ ഓവറില്‍ രണ്ട് സിക്‌സുകള്‍ ആണ് പവല്‍ നേടിയത്. അത് ഞങ്ങള്‍ക്ക് വളരെയധികം വിജയ പ്രതീക്ഷകള്‍ നല്‍കി. ബട്‌ലര്‍ എല്ലായിപ്പോഴും ഞങ്ങള്‍ക്ക് മികച്ച പ്രകടനങ്ങള്‍ നല്‍കുന്ന ഒരു താരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്,’ സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞു.

രാജസ്ഥാന്റെ ബാറ്റിങ്ങില്‍ 13 പന്തില്‍ 26 റണ്‍സ് നേടിക്കൊണ്ടായിരുന്നു പവലിന്റെ തകര്‍പ്പന്‍ പ്രകടനം. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും ആറു വിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 22ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson praises Rovman Powel performance