ടി-20 ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യ-സിംബാബ്വെ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്വെക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി മലയാളി സൂപ്പര്‍താരം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് താരം ധ്രൂവ് ജുറലുമാണ് ഇടം പിടിച്ചത്.
കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗും സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് നടത്തിയ അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
ഇപ്പോള്‍ റിയാന്‍ പരാഗിന്റെ കഴിവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
‘റിയാന്‍ പരാഗ് എല്ലായ്‌പ്പോഴും എന്റെ മനസ്സില്‍ വളരെ രസകരമായ ഒരു പേരായിരുന്നു. കോട്‌ലയില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള കളിയില്‍ അവന്‍ ഐ.പി.എല്‍ ചരിത്രത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന എന്റെ റെക്കോഡ് തകര്‍ത്തപ്പോള്‍ മുതല്‍ അവന്‍ മികച്ച താരമായി മാറി. പരാഗ് ഒരുപാട് കഴിവുള്ള താരമാണ്,’ സഞ്ജു സാംസണ്‍ പറഞ്ഞു
ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കിയത്. 17 വയസ് പ്രായമുള്ളപ്പോള്‍ ആയിരുന്നു പരാഗ് അര്‍ധസെഞ്ച്വറി നേടിയത്.
2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 15 ഇന്നിങ്‌സുകളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 573 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്. 149.22 സ്‌ട്രൈക്ക് റേറ്റിലും 52.09 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.