സഞ്ജു പടയൊരുക്കം തുടങ്ങി! ഇത്തവണ രണ്ടും കൽപ്പിച്ചാണ്; വീഡിയോ ശ്രദ്ധ നേടുന്നു
Cricket
സഞ്ജു പടയൊരുക്കം തുടങ്ങി! ഇത്തവണ രണ്ടും കൽപ്പിച്ചാണ്; വീഡിയോ ശ്രദ്ധ നേടുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th March 2024, 3:09 pm

2024 ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ആവേശകരമായ ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കം മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

പുതിയ സീസണിന് മുന്നോടിയായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സഞ്ജു സാംസണ്‍ പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ ടീം പേജിലൂടെയാണ് സഞ്ജു പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവിട്ടത്. ‘ടി 15’ എന്ന ക്യാപ്ഷനോടെ ആയിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. പാഡും ഹെല്‍മെറ്റും ധരിച്ചുകൊണ്ട് സഞ്ജു ഗ്രൗണ്ടിലേക്ക് കടന്നുവരുകയും ഗ്രൗണ്ടില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

തുടര്‍ച്ചയായ നാലാം സീസണിലാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ പോയിന്റ് ടേബിള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 362 റണ്‍സ് ആണ് മലയാളി സൂപ്പര്‍ താരം നേടിയത്.

ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് സഞ്ജുവും കൂട്ടരും കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 24ന് കെ.എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും ആദ്യ മത്സരം.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024

യശസ്വി ജെയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവല്‍, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ധ്രുവ് ജുറെല്‍,
കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍ കാഡ്മോര്‍, ഡോണോവന്‍ ഫെരേര, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്നി,കുല്‍ദീപ് സെന്‍,നാന്ദ്രേ ബര്‍ഗര്‍.

Content Highlight: Sanju Samson practice video viral on social media