ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.സി.സി.ഐയ്‌ക്കെതിരെ ഒളിയമ്പുമായി മലയാളി താരം സഞ്ജു സാംസണ്‍. ട്വിറ്ററിലാണ് താരം തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത്.
ന്യൂസിലാന്‍ഡുമായുള്ള പരമ്പരയക്കുള്ള 16 അംഗ ടീമിനെ ചൊവ്വാഴ്ചയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനായിരുന്നില്ല. ഇതിന് പിന്നാലെയാണ് പരോക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയത്.
ടി-20 മത്സരങ്ങളില്‍ തന്റെ ഫീല്‍ഡിംഗ് മികവ് തെളിയിക്കുന്ന ആക്രോബാറ്റിക് ക്യാച്ചുകളുടെ ചിത്രമാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഒരു ക്യാപ്ഷനും താരം നല്‍കിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.
‘വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പന്തിനെ പരിഗണിച്ച സ്ഥിതിക്ക് തന്നെ ഒരു ഫീല്‍ഡറായെങ്കിലും ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു’ എന്നാവാം സഞ്ജു പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
സഞ്ജുവിന്റെ ഫിറ്റ്‌നെസ്സില്‍ സെലക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും, ഇക്കാരണത്താലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, പല പുതുമുഖങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് ഇവര്‍ക്ക് ടീമിലേക്കുള്ള വഴി തുറന്നത്.