| Thursday, 25th April 2024, 3:28 pm

'എടാ മോനെ...വേള്‍ഡ് കപ്പ് കോള്‍ വന്നോ?' സോഷ്യല്‍ മീഡിയ കത്തിച്ച് സഞ്ജുവിന്റെ വെടിച്ചില്ല് പോസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വം രാജസ്ഥാന്‍ റോയല്‍സ് സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 14 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സഞ്ജു ഒരു ഫോണ്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇതിനോടകം നിന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ചര്‍ച്ചയായി കഴിഞ്ഞു. പോസ്റ്റിന് താഴെയായി ധാരാളം രസകരമായ കമന്റുകളും കാണാന്‍ സാധിക്കും.

അടുത്തിടെ ഇറങ്ങിയ ഫഹദ് ഫാസിലിന്റെ ആവേശം എന്ന മലയാള സിനിമയിലെ രങ്കന്‍ എന്ന കഥാപാത്രവുമായാണ് പലരും സഞ്ജുവിന്റെ ഈ പോസ്റ്റിനെ താരതമ്യം ചെയ്തത്. ‘വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള കോള്‍ ആയിരിക്കും,’, എടാ മോനെ വേള്‍ഡ് കപ്പ് വിളി വന്നോ,’, ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ എന്നൊക്കെയാണ് ആളുകള്‍ കമന്റായി രേഖപ്പെടുത്തിയത്.

അതേസമയം ഇതിനോടകം തന്നെ എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 314 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. 62.60 ആവറേജിലും 152.42 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഇതിനുപുറമെ രാജസ്ഥാന്റെ വിക്കറ്റിന് പിന്നിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഒരു മത്സരങ്ങളിലും ഈ തകര്‍പ്പന്‍ പ്രകടനം സഞ്ജു ആവര്‍ത്തിക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടാന്‍ റിഷബ് പന്ത്, റിങ്കു സിങ്, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍, കെ.എല്‍ രാഹുല്‍ തുടങ്ങിയ ഒരുപിടി വമ്പന്‍ താരനിരയാണ് മത്സരിക്കുന്നത്.

അജിത്ത് അഗാര്‍ക്കറിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മെയ് ഒന്നിനാണ് ഇന്ത്യന്‍ ടി-20 ലോകകപ്പിനുഉള്ള ടീമിനെ പ്രഖ്യാപിക്കുക. ഏതെല്ലാം താരങ്ങള്‍ ടീമില്‍ ഇടം നേടുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Sanju Samson post viral on Social Media

We use cookies to give you the best possible experience. Learn more