അന്താരാഷ്ട്ര ക്രിക്കറ്റില്‍ കേരളത്തിന്റെ മുഖമായി മാറിയ താരമാണ് സഞ്ജു സാംസണ്‍. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച വെക്കുകയും അതുവഴി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞുക്കപ്പെടുകയും ചെയ്ത താരമാണ് സഞ്ജു.
ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ ആരംഭിച്ച സ്‌ട്രൈക് ദ സ്‌ട്രോക്ക് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സഞ്ജു ഡോക്ടര്‍മാരോടൊപ്പം കളിചിരി സംവാദത്തിലും ഏര്‍പ്പെട്ടു.
ജീവന്‍രക്ഷിക്കുന്ന ഡോക്ടര്‍മാരെ ദൈവതുല്യരെന്ന് വിശേഷിപ്പിച്ച സഞ്ജു ഡോക്ടര്‍മാരുടെ തമാശ കലര്‍ന്ന ചോദ്യങ്ങള്‍ക്ക് അതേ സ്പിര്റ്റില്‍ ഉത്തരങ്ങള്‍ നല്‍കി. സദ്യയാണോ ബിരിയാണിയാണോ ഇഷ്ടമെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ സദ്യ എന്ന് ഉത്തരം നല്‍കി. സിനിമയില്‍ ഏറ്റവും ഇഷ്ടം നരസിംഹമാണോ നാടോടിക്കാറ്റാണോ ഇഷ്ടമെന്ന ചോദ്യത്തിന് കൂടുതല്‍ തമാശകള്‍ ഉള്ളതിനാല്‍ നാടോടിക്കാറ്റാണെന്ന് മറുപടി നല്‍കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ ചെയ്‌സ് ചെയ്ത ടീം ഏതെന്ന ചോദ്യത്തിന് ‘ആ കളി നടക്കാന്‍ പോകുന്നതേയുള്ളൂ, എന്റെ കളികള്‍ മാത്രമേ ഞാന്‍ കാണാറുള്ളൂ’ എന്നായിരുന്നു ഉത്തരം.
ഐ.പി.എസ് മോഹം ഉപേക്ഷിച്ച് ഐ.പി.എല്ലില്‍ എത്തിയതിനെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു. ‘അച്ഛന്‍ ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്നു. അതില്ഡ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐ.പി.എസുകാരാനാകണമെന്ന മോഹം ഉണ്ടായത്. അക്കാലത്തും ക്രിക്കറ്റ് കളിക്കുമായിരുന്നു. വിവരം വെച്ചപ്പോള്‍ ഐ.പി.എസ് അത്ര എളുപ്പമല്ലെന്ന് മനസിലായി. ആ മോഹം മാറ്റിവെച്ച് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങി,’ ഭാര്യയുടെയും മാതാപിതാക്കളുടെയും ആരാധകരുടെയും പിന്തുണ എടുത്തു പറഞ്ഞ സഞ്ജു ഇനിയും തകര്‍ക്കണമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് സംവാദം അവസാനിപ്പിച്ചത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. 3 സീസണുകളില്‍ ടീമിനെ നയിച്ച സഞ്ജു 2022ല്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു.
Content Highlight: Sanju Samson picks his favorite movies