ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്‌പെഷ്യലിസ്റ്റ് ബാറ്റിങ് കോംബോ ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഇവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായിരുന്നു. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ ശിവം ദുബെക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
വണ്‍ ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണെ പ്രതീക്ഷിച്ച ചെപ്പോക്കിലെ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ തങ്ങളുടെ മൂന്നാം ബാറ്ററെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലായിരുന്നു മൂന്നാമനായി ക്രീസിലെത്തിയത്.
പതിവുപോലെ പടിക്കലിന്റെ ബാറ്റില്‍ നിന്നും കാര്യമായി ഒന്നും പ്രതീക്ഷിക്കാതിരുന്ന ആരാധകരെ ഞെട്ടിച്ച് താരം ബൗണ്ടറികളുമായി കളം നിറഞ്ഞ് കളിച്ചിരുന്നു. അഞ്ച് ബൗണ്ടറിയുമായി 26 പന്തില്‍ നിന്നും 38 റണ്‍സാണ് താരം സ്വന്തമാക്കിയത്.
146.15 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് നേടിയത്. രാജസ്ഥാന് വേണ്ടി അവസാനം കളിച്ച മത്സരങ്ങളിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റായിരുന്നു അത്. മികച്ച രീതിയില്‍ ബാറ്റ് വീശവെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
തന്റെ നാച്ചുറല്‍ പൊസിഷനില്‍ നിന്നും താഴേക്കിറങ്ങിയ സഞ്ജുവായിരുന്നു നാലാമനായി കളത്തിലിറങ്ങിയത്. മഹി ഭായിയുടെ ഹോം ഗ്രൗണ്ടില്‍ മികച്ച ഇന്നിങ്‌സ് കളിക്കാന്‍ ഇറങ്ങി തിരിച്ച സഞ്ജുവിന് നിരാശയായിരുന്നു ഫലം. നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്താകാനായിരുന്നു താരത്തിന്റെ വിധി.
ഒമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു താരത്തിന്റെ മടക്കം. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലും ഡക്കായിട്ടായിരുന്നു സഞ്ജുവിന്റെ മടക്കം.
അതേസമയം, രാജസ്ഥാന്‍ ഇന്നിങ്‌സിലെ 14ാം ഓവര്‍ പിന്നിടുമ്പോള്‍ 119 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാന്‍. 30 പന്തില്‍ നിന്നും ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 46 റണ്‍സ് നേടിയ ജോസ് ബട്‌ലറും 18 പന്തില്‍ നിന്നും ഒരു ബൗണ്ടറിയുടെ അകമ്പടിയോടെ 17 റണ്‍സ് നേടിയ അശ്വിനുമാണ് രാജസ്ഥാനായി ക്രീസില്‍.
Content highlight: Sanju Samson out for a duck against CSK