ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കണ്ടെത്തിയ താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന സഞ്ജു ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി തുടരുകയാണ്. മികച്ച കളിക്കാരന്‍ ആണെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ സഞ്ജുവിന് കളിക്കാന്‍ സാധിച്ചിട്ടില്ല.
എന്നാലും ടീമിനായി മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്. അടുത്തിടെ സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി താരം കരുത്ത് തെളിയിച്ചിരുന്നു. ആക്രമണ രീതിയില്‍ കളിക്കുന്ന താരം ടി-ട്വന്റി ഫോര്‍മാറ്റില്‍ അപകടകാരിയായ ബാറ്ററാണ്.
രാജസ്ഥാന് വേണ്ടി താരം 2022ല്‍ 458 റണ്‍സ് നേടുകയും ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്തു. 2023ല്‍ 153.39 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 362 റണ്‍സും താരം നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ആയുള്ള വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് നടക്കുന്ന മത്സരം കഠിനമാണെന്ന് പറയുകയാണ് സാംസണ്‍.
‘ലോകത്തെ ഒന്നാം നമ്പര്‍ ടീമിനായി നിങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ സ്ഥിരത വളരെ ആവശ്യമാണ്, ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ വലിയൊരു കൂട്ടം താരങ്ങള്‍ മുന്നിലുണ്ട്. കളിക്കാരുടെയും മത്സരങ്ങളുടെയും എണ്ണം കാരണം ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കേരളത്തിന് നിന്നും ഉള്ള ഒരാള്‍ക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന സ്റ്റാര്‍ നഹി ഫാര്‍ എന്ന ഷോയില്‍ സഞ്ജു പറഞ്ഞു.
‘ഞാന്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച് മറ്റുള്ളവരെ മറികടക്കാന്‍ എല്ലായിപ്പോഴും ആഗ്രഹിക്കുന്നു, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു സിക്‌സര്‍ അടിക്കാന്‍ നമ്മള്‍ എന്തിന് 10 ബോള്‍ കാത്തിരിക്കണം, ഈ ചിന്താ പ്രക്രിയയാണ് എന്റെ ശക്തിയെ വികസിപ്പിച്ചെടുത്തത്. ഞാന്‍ വളരെ കാലമായി കഠിനാധ്വാനം ചെയ്യുന്നു. ഫലങ്ങള്‍ പോസിറ്റീവ് ആണ്, ഞാന്‍ കളിക്കുന്ന ടീമിന് വേണ്ടി ഗംഭീരമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഞാന്‍ തൃപ്തനല്ല,’സഞ്ജു കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യന്‍ ടീമിലേക്ക് ഇടം കണ്ടെത്താന്‍ നിരവധി യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ മുന്നിലുണ്ട്. ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ധ്രുവ് കുറെല്‍, റിഷബ് പന്ത് എന്നിവരാണ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റു താരങ്ങള്‍. ഐ.പി.എല്ലിന് ശേഷം നടക്കാനിരിക്കുന്ന ഐ.സി.സി ടി-ട്വന്റി ലോകകപ്പിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന വര്‍ക്ക് ടീമില്‍ അവസരം ലഭിക്കും.
Content Highlight: Sanju Samson opened his mind