| Wednesday, 29th November 2023, 2:39 pm

അവസരം മുതലാക്കാനറിയാത്തവന്‍; വീണ്ടും സമ്പൂര്‍ണ പരാജയമായി സഞ്ജു; താങ്ങായി മറ്റു താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും പരാജയമായി സഞ്ജു സാംസണ്‍. ആലൂരില്‍ ത്രിപുരക്കെതിരെ നടക്കുന്ന മത്സരത്തില്‍ അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്.

സെലക്ടര്‍മാരാല്‍ വീണ്ടും വീണ്ടും തഴയപ്പെടുന്ന സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള ഏറ്റവും മികച്ച വഴിയായിരുന്നു വിജയ് ഹസാരെ ട്രോഫി. എന്നാല്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ പുറത്തായ സഞ്ജു ആരാധകര്‍ക്കും നിരാശയാണ് സമ്മാനിക്കുന്നത്.

ഡിസംബര്‍ പത്തിന് ആരംഭിക്കുന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ സ്ഥാനം കണ്ടെത്താനും ഒരുപക്ഷേ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി തുണയ്ക്കുമായിരുന്നു. എന്നാല്‍ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു വീണ്ടും സെലക്ടര്‍മാരാണ് ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് പതിവില്‍ നിന്നും വിപരീതമായി മികച്ച തുടക്കം ലഭിച്ചിരുന്നു. ഓപ്പണര്‍മാരായ രോഹന്‍ എസ്. കുന്നുമ്മലും മുഹമ്മദ് അസറുദ്ദീനും ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അസറുദ്ദീനും ഫിഫ്റ്റിക്ക് തൊട്ടരികിലെത്തി വീണ രോഹനും ചേര്‍ന്ന് 95 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 70 പന്തില്‍ 44 റണ്‍സ് നേടിയ രോഹനെ പുറത്താക്കി ജോയ്ദീപ് ദിലീപ് ദേബാണ് കൂട്ടുകെട്ട് പൊളിച്ചത്.

ടീം സ്‌കോര്‍ 118ല്‍ നില്‍ക്കവെ അസറുദ്ദീനും പുറത്തായി. 61 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 58 റണ്‍സാണ് താരം നേടിയത്.

38 പന്തില്‍ 41 റണ്‍സ് നേടിയ ശ്രേയസ് ഗോപാലാണ് കേരളത്തിനായി റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. രണ്ട് ഫോറും മൂന്ന് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇവര്‍ക്ക് പുറമെ ബേസില്‍ തമ്പി (22 പന്തില്‍ 23) അഖില്‍ സ്‌കറിയ (40 പന്തില്‍ 22) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

ഒടുവില്‍ 47.1 ഓവറില്‍ 231 റണ്‍സിന് കേരളം ഓള്‍ ഔട്ടാവുകയായിരുന്നു.

ത്രിപുരക്കായി അഭിജിത് സര്‍കാര്‍, ബിക്രംജീത് ദേബ്‌നാഥ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മണിശങ്കര്‍ മുരസിങ്, രാണ ദത്ത, ജോയ്ദീപ് ദിലീപ് ദേബ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരക്ക് തുടക്കം പിഴച്ചിരിക്കുകയാണ്. നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ത്രിപുര 15 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്.

ബിക്രം കുമാര്‍ ദാസ് (17 പന്തില്‍ 9), പി.പി ദാസ് (20 പന്തില്‍ 12), സുദീപ് ചാറ്റര്‍ജി (12 പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വൃദ്ധിമാന്‍ സാഹ (12 പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റാണ് ത്രിപുരക്ക് നഷ്ടമായത്.

കേരളത്തിനായി അഖില്‍ സ്‌കറിയ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഖിന്‍ സത്താറും വൈശാഖ് ചന്ദ്രനും ഓരോ വിക്കറ്റും നേടി.

21 പന്തില്‍ ഒമ്പത് റണ്‍സുമായി ഗണോഷ് സതീഷും എട്ട് പന്തില്‍ ഒരു റണ്‍സുമായി ബി.ബി. ദേബ്‌നാഥുമാണ് ക്രീസില്‍.

Content Highlight: Sanju Samson once again failed in Vijay Hazare Trophy

We use cookies to give you the best possible experience. Learn more