തന്റെ കരിയറില്‍ നിരവധി പരിഹാസങ്ങള്‍ക്ക് പാത്രമാകേണ്ടി വന്ന താരമാണ് സഞ്ജു സാംസണ്‍. ദക്ഷിണേന്ത്യയില്‍ നിന്നും വന്ന താരമായതിനാല്‍ പലര്‍ക്കും, പ്രത്യേകിച്ച് ക്രിക്കറ്റ് അനലിസ്റ്റുകളെന്ന് വിശേഷിപ്പിക്കുന്ന പല പഴയ താരങ്ങള്‍ക്കും സഞ്ജുവിനെയോ സഞ്ജുവിന്റെ പ്രകടനത്തെയോ വലിയ മതിപ്പില്ലായിരുന്നു. ഐ.പി.എല്ലിന്റെ ഈ സീസണില്‍ തന്നെ അതിനുള്ള പ്രകടമായ ഉദാഹരണങ്ങള്‍ എത്രയോ ഉണ്ട്.
താന്‍ ക്രിക്കറ്റ് പരിശീലിച്ചിരുന്ന ആദ്യ നാളുകളില്‍ പലരും തന്നെയും ക്രിക്കറ്റ് മോഹങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ തന്റെ അച്ഛനേയും കുടുംബത്തേയും കളിയാക്കിയിട്ടുണ്ടെന്ന് പറയുകയാണ് സഞ്ജു.
ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
ദല്‍ഹിയിലായിരുന്നു താരം കളിച്ചുവളര്‍ന്നത്. ഇതിനാല്‍ തന്നെ ഒട്ടേറെ പേര്‍ തന്നെയും കുടുംബത്തെയും കളിയാക്കിയിട്ടുണ്ടെന്ന് സഞ്ജു പറയുന്നു.
‘എന്റെ അച്ഛനും അമ്മയുമായിരുന്നു ബസ് സ്റ്റാന്‍ഡിലേക്ക് എന്റെ ക്രിക്കറ്റ് കിറ്റ് എടുക്കാറുണ്ടായിരുന്നത്. അത് വളരെ ഭാരമേറിയതായിരുന്നു. അപ്പോള്‍ ഒരുപാട് പേര്‍ എന്നെയും അച്ഛനേയും കളിയാക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
ദാ നോക്ക് സച്ചിനും അച്ഛനും പോവുന്നുണ്ട്, ഇവനൊക്കെയാണ് ടെന്‍ഡുല്‍ക്കറാവാന്‍ പോവുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഇതിന് പുറമെ വേറെയും പല കുത്തുവാക്കുകളും അവര്‍ പറയുമായിരുന്നു,’ സഞ്ജു പറയുന്നു.
തന്റെ കരിയറിന് വേണ്ടി അച്ഛന്‍ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടായിരുന്നുവെന്നും, ദല്‍ഹിയില്‍ പല തവണ ട്രയല്‍സില്‍ പങ്കെടുത്തിട്ടും നിരാശയായിരുന്നു ഫലമെന്നും സഞ്ജു പറയുന്നു.
‘എന്റെ അച്ഛന്‍ ദല്‍ഹി പൊലീസിലായിരുന്നു. ഒന്നുരണ്ട് തവണ ദല്‍ഹിയില്‍ ഞാനും സഹോദരനും ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ നിന്നും ഒന്നും നടക്കാതെ വന്നപ്പോഴാണ് ഞാനും സഹോദരനും കേരളത്തിലേക്ക് തിരിച്ചു വന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം അച്ഛന്‍ ജോലിയില്‍ നിന്നും വളണ്ടറി റിട്ടയര്‍മെന്റ് എടുക്കുകയും കേരളത്തിലെത്തി എന്നെ പ്രാക്ടീസിനും ട്രയല്‍സിനും കൊണ്ടുപോവുകയും ചെയ്തിരുന്നു. അത് വളരെ കഷ്ടപ്പാടേറിയ കാലമായിരുന്നു. എന്നാല്‍ അതൊന്നും അച്ഛന്‍ എന്നെ അറിയിച്ചിരുന്നില്ല,’ സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെയുള്ള നിലയില്‍ നിന്നാണ് സഞ്ജു ഐ.പി.എല്ലിലെ മിന്നും താരങ്ങളില്‍ ഒരാളായത്. 2022 ഐ.പി.എല്ലില്‍ താരങ്ങളെ നിലനിര്‍ത്താനുള്ള സമയത്ത് രാജസ്ഥാന്‍ ആദ്യം തന്നെ നിലനിര്‍ത്തിയത് സഞ്ജുവിനെയാണ്. സഞ്ജു ആരാണെന്നും എന്താണെന്നും തനിക്ക് ഉത്തമബോധ്യമുണ്ടെന്നായിരുന്നു കോച്ച് കുമാര്‍ സംഗക്കാര പറഞ്ഞത്.
ഐ.പി.എല്‍ കിരീടത്തിനൊപ്പം തന്നെ വരാനിരിക്കുന്ന ടി-20 ലോകകപ്പ് ടീമിലേക്കുള്ള വഴി കൂടിയാണ് താരം ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജു വേള്‍ഡ് കപ് സ്‌ക്വാഡില്‍ ഉണ്ടാവുമെന്നുറപ്പാണ്.