ആറ് ബോളില്‍ ആറ് സിക്‌സറടിച്ചവനാണ്, ശ്രീശാന്തിന്റെ ആ തള്ളിലാണ് ദ്രാവിഡ് ഫ്‌ളാറ്റാകുന്നതും ഞാന്‍ ടീമിലെത്തുന്നതും; റോയല്‍സിലെത്തിയതിനെ കുറിച്ച് സഞ്ജു
Sports News
ആറ് ബോളില്‍ ആറ് സിക്‌സറടിച്ചവനാണ്, ശ്രീശാന്തിന്റെ ആ തള്ളിലാണ് ദ്രാവിഡ് ഫ്‌ളാറ്റാകുന്നതും ഞാന്‍ ടീമിലെത്തുന്നതും; റോയല്‍സിലെത്തിയതിനെ കുറിച്ച് സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th March 2023, 5:30 pm

ഐ.പി.എല്‍ കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. ക്യാപ്റ്റന്‍സിയേറ്റെടുത്ത രണ്ടാം സീസണില്‍ തന്നെ ടീമിനെ ഫൈനല്‍ വരെയെത്തിക്കാനും ഈ രണ്ട് സീസണിലും ഫെയര്‍ പ്ലേ അവാര്‍ഡ് രാജസ്ഥാന് നേടിക്കൊടുക്കാനും സഞ്ജുവിനായി.

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ പിന്‍ഗാമിയായാണ് ഐ.പി.എല്‍ ലോകം സഞ്ജുവിനെ കാണുന്നത്. ആ വിശ്വാസം കാക്കാനായി ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തന്റെ മാക്‌സിമം പ്രകടനം പുറത്തെടുക്കാറുമുണ്ട്.

താന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. ശ്രീശാന്താണ് തന്നെ അന്നത്തെ രാജസ്ഥാന്‍ റോയല്‍സ് നായകനായ രാഹുല്‍ ദ്രാവിഡിന് പരിചയപ്പെടുത്തിയതെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സിനായി കൊണ്ടുപോയതെന്നും പറയുകയാണ് സഞ്ജു. ഒരു അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

‘കേരള ടീമില്‍ നിന്നും പുറത്തായ ഞാന്‍ അന്ന് അണ്ടര്‍ 19ല്‍ കളിക്കുകയാണ്. ശ്രീ ഭായ് ആയിരുന്നു അപ്പോള്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍. അണ്ടര്‍ 19ല്‍ ഞാന്‍ സെഞ്ച്വറി നേടിയതൊക്കെ ശ്രീ ഭായ് അറിഞ്ഞിരുന്നു. ഇതിന് പിന്നാലെ കെ.സി.എ സെക്രട്ടറിയെയും മറ്റ് അധികൃതരെയും എന്നെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ഞാന്‍ കേരള ടീമിലേക്ക് മടങ്ങിയെത്തുന്നത്.

കേരള ടീമിലെത്തിയതിന് പിന്നാലെ നിര്‍ണായകമായ ഒരു മത്സരത്തിലായിരുന്നു ഞാന്‍ കളിച്ചത്. ആ മത്സരം ജയിച്ചാല്‍ കേരളത്തിന് നോക്ക് ഔട്ട് റൗണ്ടില്‍ കടക്കാന്‍ സാധിക്കുമായിരുന്നു. ആ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ 140ഉം രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സും ഞാന്‍ നേടി.

അന്നാണ് ശ്രീ ഭായ് എന്റെ ബാറ്റിങ് നേരിട്ടുകാണുന്നത്. ഞാന്‍ ഓരോ തവണ സിക്‌സറും ഫോറും അടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവേശം എനിക്ക് ഗ്രൗണ്ടില്‍ വരെ കേള്‍ക്കാമായിരുന്നു. ശ്രീ ഭായ്‌യുടെ പ്രോത്സാഹനം വല്ലാത്ത ഉത്തേജനമായിരുന്നു എനിക്ക് തന്നത്.

രണ്ട് മാസം കഴിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സുണ്ടെന്നും എന്നെ കൊണ്ടുപോകാമെന്നും ശ്രീ ഭായ് മത്സര ശേഷം എന്നോട് പറഞ്ഞു.

രാജസ്ഥാനിലെത്തും മുമ്പ് ഞാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്നു. ഈ സമയത്താണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ രാഹുല്‍ സാറിന് (ദ്രാവിഡ്) ശ്രീ ഭായ് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

ഒരു ഓവറില്‍ ആറ് സിക്‌സറടിച്ച ബാറ്റര്‍ ആണെന്ന് പറഞ്ഞായിരുന്നു ശ്രീ ഭായ് എന്നെ പരിചയപ്പെടുത്തിയത് (ചിരി). സഞ്ജു മികച്ച ബാറ്ററാണ്. കേരളത്തിലെ ഒരു ടൂര്‍ണമെന്റില്‍ ആറ് ബോളില്‍ ആറ് സിക്‌സര്‍ നേടിയിട്ടുണ്ട്. ഭയങ്കര ബാറ്ററാണ് എന്നൊക്കെ തട്ടിവിട്ടു. ഞാന്‍ ആറ് പന്തില്‍ ആറ് സിക്‌സറൊന്നും അടിച്ചിട്ടില്ല.

സഞ്ജു രാജസ്ഥാന് വേണ്ടി കളിക്കേണ്ടയാളാണെന്നും അവനെ ട്രയല്‍സിന് വിളിക്കണെമെന്നുമെല്ലാം ശ്രീ ഭായ് ദ്രാവിഡ് സാറിനോട് അഭ്യര്‍ത്ഥിച്ചു. ഇതുകേട്ട രാഹുല്‍ സാറിനും വലിയ താത്പര്യമായി. അടുത്ത വര്‍ഷം ഇവനെ ട്രയല്‍സിന് കൊണ്ടുവരണമെന്ന് രാഹുല്‍ സാര്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ രാജസ്ഥാനിലെത്തുന്നത്,’ സഞ്ജു പറഞ്ഞു.

 

കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും എല്ലാത്തിലുമുപരി ക്യാപ്റ്റന്‍ എന്ന നിലയിലും സഞ്ജു തിളങ്ങിയ സീസണായിരുന്നു ഐ.പി.എല്‍ 2022.

ഐ.പി.എല്ലിന്റെ 16ാം എഡിഷനിലും കഴിഞ്ഞ തവണ കാഴ്ചവെച്ച അതേ മികവ് സഞ്ജുവിന് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Sanju Samson on his arrival at Rajastan Royals