| Friday, 21st April 2023, 6:38 pm

രാജസ്ഥാന് വേണ്ടി കളിക്കാന്‍ താത്പര്യമുണ്ടോ എന്നായി ചോദ്യം; ഞാന്‍ മിടുക്കനാണെന്ന് എനിക്ക് തന്നെ തോന്നി; ടീമിലെത്തിയതിനെ കുറിച്ച് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. വോണിന് ശേഷം രാജസ്ഥാന്‍ ആദ്യമായി ഐ.പി.എല്ലിന്റെ ഫൈനലില്‍ കടക്കുന്നത് സഞ്ജുവിന്റെ നേതൃത്വത്തിലാണ്. വോണിന് ശേഷം കിരീടനേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ സീസണില്‍ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ തന്നെയാണ് സഞ്ജുവും രാജസ്ഥാനും ഒരുങ്ങുന്നത്.

2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായ സാംസണ്‍ 2013ലാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. ആ സീസണില്‍ കളിച്ച 11 മത്സരത്തിലെ പത്ത് ഇന്നിങ്‌സില്‍ നിന്നും 206 റണ്‍സാണ് സഞ്ജു നേടിയത്. 115.73 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജു റണ്‍സ് നേടിയത്.

സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ കുട്ടി സഞ്ജുവിനെ തേടി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവുമെത്തിയിരുന്നു.

എങ്ങനെയാണ് താന്‍ രാജസ്ഥാന്റെ ഭാഗമായതെന്ന് പറയുകയാണ് സഞ്ജു സാംസണ്‍. ശ്രീശാന്താണ് തന്നെ രാജസ്ഥാന്റെ ട്രയല്‍സിനായി കൊണ്ടുപോയതെന്നും രാഹുല്‍ ദ്രാവിഡും പാഡി അപ്ടണും ചേര്‍ന്നാണ് തന്നെ സെലക്ട് ചെയ്തതെന്നും പറയുകയാണ് സഞ്ജു.

‘ശ്രീശാന്താണ് എന്നെ രാജസ്ഥാന്റെ ട്രയല്‍സിന് കൊണ്ടുപോയത്. രാഹുല്‍ ദ്രാവിഡ് അവിടെയുണ്ടായിരുന്നു. പാഡി അപ്ടണ്‍ അവിടെയുണ്ടായിരുന്നു. അവര്‍ ഏത് തരത്തിലുള്ള താരങ്ങളെയാണ് അന്വേഷിക്കുന്നതെന്ന എനിക്ക് അറിയില്ലായിരുന്നു, അതുകൊണ്ട് ഞാന്‍ അധികം പ്രതീക്ഷയൊന്നും വെച്ചിരുന്നില്ല.

അന്ന് നെറ്റ്‌സില്‍ കളിച്ചതുപോലെ പിന്നീടൊരിക്കലും ഞാന്‍ ബാറ്റ് ചെയ്തിരുന്നില്ല. അതിനുശേഷം രാഹുല്‍ സാര്‍ എന്റെയടുത്ത് വന്ന് ‘നീ വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്. നിനക്ക് ആര്‍.ആറിന് (രാജസ്ഥാന്‍ റോയല്‍സ്) വേണ്ടി കളിക്കാന്‍ താതപര്യമുണ്ടോ?’ എന്ന് ചോദിച്ചു.

ഇത് രാഹുല്‍ സാറാണ് പറഞ്ഞത് എന്നത് എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമാണ് നല്‍കിയത്. ‘ഇവന്‍ മിടുക്കനാണ്, ഇവന്‍ മതി’ എന്ന് അദ്ദേഹത്തെ പോലെ ഒരു ഇതിഹാസ താരം പറയുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങനെയായിരിക്കാം എന്നെനിക്ക് തോന്നി,’ സഞ്ജു ഓര്‍ത്തെടുത്തു.

തുടര്‍ന്ന് മൂന്ന് സീസണുകളില്‍ രാജസ്ഥാനൊപ്പം ബാറ്റേന്തിയ സഞ്ജു 2016ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് തട്ടകം മാറ്റിയിരുന്നു. ദല്‍ഹിയിലെ രണ്ട് സീസണിന് ശേഷം താരം വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

അതേസമയം, ഈ സീസണില്‍ ആറ് മത്സരം കളിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്റോടെയാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി തുടരുന്നത്.

Content Highlight: Sanju Samson on being a part of Rajasthan Royals

We use cookies to give you the best possible experience. Learn more