ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിലും മലയാളി താരം സഞ്ജു വി. സാംസണ് ഇടംപിടിക്കാനായില്ല. മോശം ഫോമിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനം നേരിടുന്ന ഋഷഭ് പന്ത് തന്നെയാണ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്.
ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് സഞ്ജു ടീമിലെത്തിയതെങ്കിലും ധവാന് പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ലോകേഷ് രാഹുലായിരിക്കും.
ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണു തെരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമില്‍ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ശിവം ദുബെ എന്നിവര്‍ ഇടംപിടിച്ചു. രവീന്ദ്ര ജഡേജ തിരിച്ചുവരുന്നെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. കീറണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്.
ഇന്നത്തെ മത്സരം മുതല്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഫ്രണ്ട് ഫുട്ട് നോബോളുകള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്കു കഴിയില്ല. ഇനിമുതല്‍ അക്കാര്യം ചെയ്യുക, തേഡ് അമ്പയറായിരിക്കും.
എല്ലാ ബോളുകളും തേഡ് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അതില്‍ ഫ്രണ്ട് ഫുട്ട് നോബോള്‍ കണ്ടാല്‍ വിളിക്കേണ്ടത് അവരാണെന്നുമായിരുന്നു വ്യാഴാഴ്ച ഐ.സി.സി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.
ഇനി അതിലെന്തെങ്കിലും ആശയക്കുഴപ്പം സംഭവിച്ചാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിച്ചുവേണം തീരുമാനമെടുക്കാനെന്നും കുറിപ്പില്‍ പറയുന്നു. തേഡ് അമ്പയറോട് ആലോചിക്കാതെ സ്വന്തമായി നോബോള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് അനുമതിയില്ലെന്നും അതില്‍ പറയുന്നു.
ഇനി സംശയത്തിന്റെ ആനുകൂല്യമുണ്ടെങ്കില്‍ അത് ബൗളര്‍ക്കായിരിക്കും ലഭിക്കുക. നോബോള്‍ തീരുമാനങ്ങളില്‍ കൃത്യതയുണ്ടാകുമോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണ് ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതെന്നു കുറിപ്പില്‍ പറയുന്നുണ്ട്. കളി തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് ഇതു മാറുമോ എന്നു പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.