വരാനിരിക്കുന്ന 2024 ടി-20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പടെ 2023 ഏകദിന ലോകകപ്പിലെ ഭൂരിഭാഗം കളിക്കാരെയും അദ്ദേഹം ടീമിലുള്‍പെടുത്തിയപ്പോള്‍ സഞ്ജു സാംസണ് ടീമില്‍ ഇടം കിട്ടിയില്ല.
സമീപകാലത്ത് ഹര്‍ദിക് പാണ്ഡ്യ ടി-20 ക്യാപ്റ്റനായ ശേഷം ഭൂരിഭാഗം മത്സരങ്ങളിലും രോഹിത്തും കോഹ്‌ലിയും കളിച്ചിരുന്നില്ല. ഐ.പി.എല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ശ്രീശാന്ത് തന്റെ ടീമിന്റെ ക്യാപ്റ്റനായി രോഹിത്തിനെ തീരുമാനിക്കുന്നത്.
‘രോഹിത് ശര്‍മ കളിക്കുമോ ഇല്ലയോ എന്നത് ഒരു ചോദ്യമാണ്. ഐ.പി.എല്ലുകളെല്ലാം ജയിച്ചതിനാല്‍ അദ്ദേഹം ക്യാപ്റ്റനാകും. സാഹചര്യങ്ങള്‍ അനുസരിച്ച് രോഹിത് ശര്‍മയോ ഹര്‍ദിക് പാണ്ഡ്യയോ ആയിരിക്കും ക്യാപ്റ്റന്‍,’ സ്‌പോര്‍ട്‌സ്‌കീഡയുടെ യൂട്യൂബ് ചാനലുമായുള്ള പ്രത്യേക ചാറ്റില്‍ ശ്രീശാന്ത് പറഞ്ഞു.
2023 ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് ശ്രീശാന്തിന്റെ 2024 ടി-20 ലോകകപ്പ് ടീമിലേക്ക് കൂട്ടിച്ചേര്‍ത്ത ഏക വ്യക്തി യശ്വസി ജെയിസ്വാള്‍ ആണ്. ടീമില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം കിട്ടാത്തതും ശ്രദ്ധയേമാണ്.
‘റിഷബ് പന്ത് ഫിറ്റ് ആണെങ്കില്‍ മൂന്നാമത്തെ കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തും, അവന് തിരിച്ചുവരാന്‍ കുറച്ച് സമയം വേണ്ടി വന്നേക്കാം. ഞങ്ങള്‍ക്ക് വേണ്ടത് മാച്ച് വിന്നറെയാണ്, കളിക്കളത്തില്‍ മാത്രം നില്‍ക്കുന്ന ഒരാളെയല്ല. നന്നായി കളിക്കുന്നതോടൊപ്പം വിജയങ്ങള്‍ ഉറപ്പാക്കുന്ന ഒരു കളിക്കാരനാണ് ഞങ്ങള്‍ക്ക് ആവശ്യം. ഫോം അനുസരിച്ച് പന്തിനെ രണ്ടാമത്തെയോ അല്ലെങ്കില്‍ ആദ്യത്തെയോ വിക്കറ്റ് കീപ്പറാക്കാം,’ ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍ മലയാളി കൂടിയായ ശ്രീശാന്തിന്റെ ടീമില്‍ സഞ്ജു ഇല്ലാത്തത് ചര്‍ച്ചയാക്കപ്പെടുകയാണ്. നേരത്തെ ഇന്ത്യയുടെ ടി -20 ലോകകപ്പ് ടീമില്‍ നിന്നും ഏകദിന ലോകകപ്പ് ടീമില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും സഞ്ജുവിന് ഇടം കിട്ടിയിരുന്നില്ല.