ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ടി-20 പരമ്പരയാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
സൂര്യകുമാര്‍ യാദവാണ് ടി-20യില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന ടീമിന്റെ നായകന്‍. ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ തിളങ്ങിയ അഭിഷേക് ശര്‍മക്ക് ടി-20 സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയതും വെറും ഒറ്റ ഏകദിനം കളിച്ച ശിവം ദുബെയും ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത റിയാന്‍ പരാഗും ഏകദിന സ്‌ക്വാഡിന്റെ ഭാഗമായതുമെല്ലാമാണ് സ്‌ക്വാഡിലെ വിശേഷങ്ങള്‍.
സൂപ്പര്‍ താരം സഞ്ജു സാംസണോട് അപെക്‌സ് ബോര്‍ഡ് കാണിക്കുന്ന അനീതിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവം. ഏകദിനത്തില്‍ 56 ശരാശരിയും 99.60 സ്‌ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ പുറത്തിരുത്തിയാണ് ബി.സി.സി.ഐ ഇത്തവണയും ടീം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി മാച്ചും നേടിയ താരമാണ് സഞ്ജു എന്നറിയുമ്പോഴാണ് ഈ അവഗണന എത്രത്തോളം വലുതാണെന്ന് മനസിലാകുക.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം മത്സരം. ബോളണ്ട് പാര്‍ക്കാണ് വേദി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം സൗത്ത് ആഫ്രിക്കയും ജയിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ബോളണ്ട് പാര്‍ക്കില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം എന്നതായിരുന്നു സാഹചര്യം.
മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 108 റണ്‍സ്. സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിനെ 218 റണ്‍സിന് പുറത്താക്കി ഇന്ത്യ പരമ്പര നേട്ടം ആഘോഷിച്ചു. സഞ്ജുവായിരുന്നു കളിയിലെ താരം.
ഇന്ത്യന്‍ ടീമിന് ഏറ്റവും മോശം റെക്കോഡുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. ആ മണ്ണില്‍ വെച്ച് ഇന്ത്യ ഇന്നേവരെ ജയിച്ചിട്ടുള്ളത് രണ്ടേ രണ്ട് പരമ്പരകള്‍ മാത്രമാണ്. അതിലെ ഒരു സീരീസ് വിജയം കൊണ്ടുവന്നത് സഞ്ജുവാണ്! എന്നിട്ടും തൊട്ടടുത്ത ഏകദിന പരമ്പരയില്‍ സഞ്ജു ടീമിന് പുറത്ത്.
ടി-20 ടൂര്‍ണമെന്റുകള്‍ അടുത്തുവരുമ്പോള്‍ ഏകദിന ടീമില്‍ ഇടം നല്‍കിയും ഏകദിന ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ ടി-20 ടീമിലും ഇടം നല്‍കിയുമാണ് അപെക്‌സ് ബോര്‍ഡ് സഞ്ജുവിന്റെ ടാലന്റിനെ ഉപയോഗിക്കാതെ നശിപ്പിക്കുന്നത്. 2025 ഫെബ്രുവരിയില്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കാനുള്ളതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
ജൂലൈ 27നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. പല്ലേക്കലെയാണ് ആദ്യ ടി-20ക്ക് വേദിയാകുന്നത്.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.
Content Highlight: Sanju Samson not included in ODI squad against Sri Lanka