| Wednesday, 22nd May 2024, 4:52 pm

ഇതിഹാസമാകാനും ഇതിഹാസത്തിനൊപ്പമെത്താനും സഞ്ജുവിന് വേണ്ടത് ഈ മത്സരത്തിലെ ജയം മാത്രം; അവനത് സാധിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ സീസണിലെ നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. പരാജയപ്പെട്ടാല്‍ രണ്ടാം കിരീട മോഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ച് പടിയിറങ്ങേണ്ടി വരുമെന്നതിനാല്‍ ജയം മാത്രം പ്രതീക്ഷിച്ചാകും എലിമിനേറ്ററില്‍ സഞ്ജുവും സംഘവും കളത്തിലിറങ്ങുന്നത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് എലിമിനേറ്റര്‍ മത്സരം അരങ്ങേറുന്നത്. പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അട്ടിമറിച്ച് നാലാം സ്ഥാനത്തെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.

മെയ് മാസത്തില്‍ ഒറ്റ മത്സരം പോലും വിജയിക്കാത്ത രാജസ്ഥാനും മെയില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെ നടക്കുമെന്നുറപ്പാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ രണ്ടാം ക്വാളിഫയറിലെ സ്ഥാനത്തിനൊപ്പം ഒരു ഐതിഹാസിക നേട്ടമാണ് നായകന്‍ സഞ്ജു സാംസണെ കാത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരത്തില്‍ വിജയിപ്പിച്ച നായകന്‍ എന്ന നേട്ടത്തിലേക്കാണ് സഞ്ജുവെത്തുക.

ഇതുവരെ 30 മത്സരത്തില്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച സഞ്ജുവിന് എലിമിനേറ്ററും വിജയിപ്പിക്കാനായാല്‍ 31 വിജയത്തോടെ ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പമെത്താനും സാധിക്കും.

രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരത്തില്‍ വിജയിപ്പിച്ച നായകന്‍മാര്‍

(താരം – മത്സരം – വിജയിച്ച മത്സരം – നോ റിസള്‍ട്ട് എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 56 – 31 – 0

സഞ്ജു സാംസണ്‍ – 59 – 30 – 1

രാഹുല്‍ ദ്രാവിഡ് – 40 – 23 – 0

സ്റ്റീവ് സ്മിത് – 27 – 15 – 1

അജിന്‍ക്യ രഹാനെ – 24 – 9 – 0

ഷെയ്ന്‍ വാട്‌സണ്‍ – 21 – 7 – 1

ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്റര്‍ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതിന് മുമ്പ് 2015ലാണ് റോയല്‍ എലിമിനേറ്റര്‍ മത്സരത്തിന് ഐ.പി.എല്‍ സാക്ഷ്യം വഹിച്ചത്.

അന്ന് 71 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ആര്‍.സി.ബി നേടിയത്. പൂനെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തെരഞ്ഞെടുത്തു. എ.ബി. ഡി വില്ലിയേഴ്സിന്റെയും മന്‍ദീപ് സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ പ്ലേ ബോള്‍ഡ് ആര്‍മി ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. ഓപ്പണര്‍ അജിന്‍ക്യ രഹാനെ മാത്രമാണ് ബെംഗളൂരുവിനെതിരെ ചെറുത്തുനില്‍പിനെങ്കിലും ശ്രമിച്ചത്. 39 പന്തില്‍ 42 റണ്‍സാണ് രഹാനെ നേടിയത്. 12 റണ്‍സ് വീതം നേടിയ കരുണ്‍ നായരും സ്റ്റീവ് സ്മിത്തുമാണ് ടീമിന്റെ രണ്ടാമത് മികച്ച സ്‌കോറര്‍മാര്‍.

ഒടുവില്‍ 19 ഓവറില്‍ രാജസ്ഥാന്‍ 109ന് ഓള്‍ ഔട്ടായി. ബെംഗളൂരുവിനായി ഡേവിഡ് വീസി, ഹര്‍ഷല്‍ പട്ടേല്‍, ശ്രീനാഥ് അരവിന്ദ്, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് ഒരു രാജസ്ഥാന്‍ താരത്തെയും മടക്കി.

രാജസ്ഥാനെ തോല്‍പിച്ച് മുമ്പോട്ട് കുതിച്ചെങ്കിലും ആര്‍.സി.ബി ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റ് പുറത്താവുകയായിരുന്നു.

Content Highlight: Sanju Samson needs one more victory to equals Shane Warnes’ record of most win as RR captain

We use cookies to give you the best possible experience. Learn more