ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ നാലാം ടി-20ക്ക് കളമൊരുങ്ങുകയാണ്. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും അടുത്ത രണ്ട് മത്സരത്തിലും ജയിച്ചുകയറിയ ഇന്ത്യക്ക് നാലാം ടി-20 വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ സിംബാബ്‌വേക്ക് വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ നാലാം ടി-20യില്‍ തീ പാറുമെന്നുറപ്പാണ്.
ഈ മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഒരു തകര്‍പ്പന്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 300 സിക്‌സറുകളെന്ന നേട്ടമാണ് താരത്തിന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ വെറും രണ്ട് സിക്‌സറും.
ഇന്ത്യന്‍ ടീമിന് പുറമെ ആഭ്യന്തര തലത്തില്‍ കേരളത്തിനും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) എന്നീ ടീമുകള്‍ക്കും വേണ്ടിയാണ് സഞ്ജു ടി-20യില്‍ ബാറ്റേന്തിയിട്ടുള്ളത്.
കളിച്ച 274 മത്സരത്തിലെ 262 ഇന്നിങ്‌സില്‍ നിന്നുമായി 6,733 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയുമടങ്ങുന്നതാണ് ഇതുവരെയുള്ള താരത്തിന്റെ ടി-20 കരിയര്‍. 298 സിക്‌സറിനൊപ്പം 551 ബൗണ്ടറികളും താരം നേടിയിട്ടുണ്ട്.
ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ സ്‌ക്വാഡില്‍ ഇടം നേടിയിരുന്നെങ്കിലും ഒരിക്കല്‍ പോലും പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി താരം കളത്തിലിറങ്ങിയിരുന്നു.
ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ – സിംബാബ്‌വേ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. മൂന്നാം മത്സരത്തിലാണ് രാജസ്ഥാന്‍ നായകന്‍ ടീമിനൊപ്പം ചേര്‍ന്നത്. പിന്നാലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും സഞ്ജുവിനെ നിയമിച്ചിരുന്നു.
കളത്തിലിറങ്ങിയ മൂന്നാം മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട് പുറത്താകാതെ 12 റണ്‍സാണ് താരം നേടിയത്. നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണിന് പകരം അഞ്ചാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്. രണ്ട് ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
അടുത്ത മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ നേടാന്‍ സാധിച്ചാല്‍ 300 സിക്‌സര്‍ എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ മറികടക്കാനും സഞ്ജുവിന് സാധിക്കും. ഇതിന് മുമ്പ് ആറ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടി-20യില്‍ 300 സിക്‌സര്‍ മാര്‍ക് പിന്നിട്ടത്.
രോഹിത് ശര്‍മ (525), വിരാട് കോഹ്‌ലി (416), എം.എസ്. ധോണി (338), സുരേഷ് റെയ്‌ന (325), സൂര്യകുമാര്‍ യാദവ് (322), കെ.എല്‍. രാഹുല്‍ (311) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
ശനിയാഴ്ചയാണ് പരമ്പരയിലെ നാലാം ടി-20. ഹരാരെയാണ് വേദി. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം.
ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.
സിംബാബ്‌വേ സ്‌ക്വാഡ്
സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്‌വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്സ്, ആന്റം നഖ്‌വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.
Also Read ജയിച്ചാല്‍ ഫൈനല്‍, ഇന്ത്യയിറങ്ങുന്നു; ടീമില്‍ ആരൊക്കെ? എതിരാളികള്‍ ആര്?
Also Read അവസാന ടെസ്റ്റല്ലേ, ഈ റെക്കോഡ് ബാക്കിവെക്കാന്‍ സാധിക്കുമോ? ചരിത്രത്തിലെ ഒന്നാമനും നാലാമനുമായി ജിമ്മി
Content highlight: Sanju Samson need two sixes to complete 300 sixes in T20