ആവേശകരമായ 2024 ടി-20 ലോകകപ്പ് അതിന്റെ കലാശ പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. കെന്‍സിങ്ടണ്‍ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്.
മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബെംഗ്ലാദേശിനോടുള്ള സൗഹൃദ മത്സരത്തില്‍ മാത്രമായിരുന്നു സഞ്ജുവിന് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ മത്സരത്തില്‍ താരം ഒരു റണ്‍സിന് എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താകുകയായിരുന്നു താരം.
നിലവില്‍ മിഡില്‍ ഓര്‍ഡറില്‍ മോശം ഫോമില്‍ കളിക്കുന്ന ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നത് ഒരു സര്‍പ്രൈസാണ്. ജൂണ്‍ 27 നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ എത്തിയ ശിവം ദുബെ ക്രിസ് ജോര്‍ദന്റെ പന്തില്‍ ക്യാപ്റ്റന്‍ ബട്‌ലറിന്റെ കയ്യില്‍ എത്തുകയായിരുന്നു.
ഒരു കളിയില്‍ പോലും സഞ്ജുവിനെ പരീക്ഷിക്കാതെ ദുബെയെ ഇനിയും പരീക്ഷിക്കുമോ എന്ന ആശങ്ക എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും ഉണ്ട്. ഫൈനലില്‍ സഞ്ജുവിന് അവസരം ലഭിച്ചാല്‍ താരം മികച്ച പ്രകടനം കാഴ്ചവെച്ച് ബി.സി.ഐക്ക് മറുപടി നല്‍കുമെന്ന് ഉറപ്പാണ്. മാത്രമല്ല ദുബെയ്ക്ക് പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയാല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരത്തെ തേടിയെത്തുക.
മത്സരത്തില്‍ രണ്ട് സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന നേട്ടത്തിലേക്ക് എത്താന്‍ താരത്തിന് സാധിക്കും.
ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
Content Highlight: Sanju Samson Need Two Sixes For Record Achievement