ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ എല്ലായ്‌പ്പോഴും ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുള്ളത്.
ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.
നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പാകിസ്ഥാനെതിരെയുള്ള ഈ മത്സരത്തില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്.
പാക്കിസ്ഥാനെതിരെ രണ്ട് സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറാന്‍ മലയാളി താരത്തിന് സാധിക്കും.
ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരത്തില്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ്ങില്‍ സ്ഥാനത്ത് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഈ അവസരം കൃത്യമായി വിനിയോഗിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല. മത്സരത്തില്‍ ഒരു റണ്‍സ് നേടി കൊണ്ടായിരുന്നു സഞ്ജു മടങ്ങിയത്.
Content Highlight: Sanju Samson need two six Complete 300 sixes in T20