ഐ.സി.സി ടി-20 ലോകകപ്പിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങികഴിഞ്ഞു. ക്രിക്കറ്റിന്റെ മാമാങ്കം ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. 2007ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ കിരീടം എത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും കളത്തില്‍ ഇറങ്ങുന്നത്.
ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ഈ മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ കളിക്കുന്നത്.
നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ കളത്തില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ഈ മത്സരത്തില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്.
ബംഗ്ലാദേശിനെതിരെ രണ്ട് സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറാന്‍ സഞ്ജുവിന് സാധിക്കും.
ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്സുകള്‍ കൂടി നേടിയാൽ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം 2024 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന് റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ് നടത്തിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജസ്ഥാനെ രണ്ടാം ക്വാളിഫയര്‍ വരെ എത്തിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു.
ബാറ്റിങ്ങിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 531 റണ്‍സാണ് സഞ്ജു ഐ.പി.എല്ലില്‍ അടിച്ചുകൂട്ടിയത്. 48.27 ആവറേജിലും 153. 47 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
സഞ്ജുവിന്റെ ഈ തകര്‍പ്പന്‍ ഫോം ലോകകപ്പില്‍ ഇന്ത്യന്‍ ജേഴ്സിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Sanju Samson need two six Complete 300 six in T20