Sports News
സഞ്ജു ചെകുത്താനും കടലിനും നടുക്ക്; നിര്‍ണായക മത്സരത്തില്‍ ആളിക്കത്തിയാല്‍ റെക്കോഡ് നേട്ടവും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 02, 02:41 am
Sunday, 2nd February 2025, 8:11 am

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം ഇന്ന് (ഫെബ്രുവരി 2) നടക്കാനിരിക്കുകയാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്. നിലവില്‍ 3-1ന് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും ലീഡ് നേടാനും സാധിച്ചിട്ടുണ്ട്.

മത്സരം ഏറെ നിര്‍ണായകമാകുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്. പരമ്പരയിലെ ആദ്യ നാല് മത്സരത്തിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ മത്സരത്തില്‍ 26 റണ്‍സും ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ വെറും അഞ്ച് റണ്‍സുമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

എന്നാല്‍ സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ ശേഷമുള്ള മത്സരത്തില്‍ ആറ് പന്ത് നേരിട്ട് മൂന്ന് റണ്‍സും, മൂന്ന് പന്തില്‍ നിന്ന് വെറും ഒരു റണ്‍സുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്. ആദ്യ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ പുറത്തായ സഞ്ജുവിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

നാലാം മത്സരത്തില്‍ സാക്കിബ് മഹ്‌മൂദിന്റെ പന്തിലും ഒരു ഷോട്ട് ബോള്‍ കളിച്ചാണ് സഞ്ജു പുറത്തായത്. ഇനി പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാന്‍ മാത്രമാണ് അവസരമുള്ളത്. നിര്‍ണായകമായ മത്സരത്തില്‍ സഞ്ജു ചെകുത്താനും കടലിനും നടുക്കാണ്. ഈ അവസരം മുതലാക്കാന്‍ സാധിച്ചാല്‍ സഞ്ജു കഴിഞ്ഞ മത്സരങ്ങളില്‍ കേട്ട പഴി വെറും ഒരു മത്സരംകൊണ്ട് മായ്ച്ച് കളയാന്‍ സാധിക്കും.

ഇതിന് പുറമെ സഞ്ജുവിന് ഒരു റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. വെറും മൂന്ന് സിക്‌സര്‍ നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി 50 ടി-20ഐ സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സഞ്ജുവിന് സാധിക്കുക. ഈ റെക്കോഡ് ലിസ്റ്റില്‍ 10ാമനാകാനാണ് സഞ്ജുവിന് സാധിക്കുക. മാത്രമല്ല നിലവില്‍ 50 സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം ശിഖര്‍ ധവാനൊപ്പമെത്താനും സഞ്ജുവിന് കഴിയും.

നിലവില്‍ ടി-20ഐയില്‍ 41 മത്സരങ്ങളിലെ 37 ഇന്നിങ്‌സില്‍ നിന്ന് 25.6 എന്ന ആവറേജില്‍ 845 റണ്‍സാണ് സഞ്ജു നേടിയത്. മാത്രമല്ല 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ സഞ്ജുവിനുണ്ട്.

Content Highlight: Sanju Samson Need To Perform Well In Last T-20 Match Against England