Advertisement
Sports News
സഞ്ജുവിന് ഇന്ന് നിര്‍ണായകം; വെടിക്കെട്ട് പ്രകടനം നടത്തിയാല്‍ ബംബര്‍ റെക്കോഡ്, അല്ലെങ്കില്‍ സമ്പൂര്‍ണ പരാജയം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 31, 08:13 am
Friday, 31st January 2025, 1:43 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് (ജനുവരി 31ന്) മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. നിലവില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു.

വരാനിരിക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. വെറും മൂന്ന് സിക്സര്‍ നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി 50 ടി-20ഐ സിക്സര്‍ പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സഞ്ജുവിന് സാധിക്കുക. ഈ റെക്കോഡ് ലിസ്റ്റില്‍ 10ാമനാകാനാണ് സഞ്ജുവിന് സാധിക്കുക. മാത്രമല്ല നിലവില്‍ 50 സിക്സര്‍ നേടിയ ഇന്ത്യന്‍ താരം ശിഖര്‍ ധവാനൊപ്പമെത്താനും സഞ്ജുവിന് കഴിയും.

എന്നാല്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്ത് നേരിട്ട് 26 റണ്‍സ് നേടിയ സഞ്ജുവിന് ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ ആരാധകര്‍ക്ക് തെറ്റി. ആറ് പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്.

മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജു പുറത്തായത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ഈ പരമ്പരയില്‍ ഇത് മൂന്നാം തവണയാണ് സഞ്ജു ആര്‍ച്ചറിന്റെ പന്തില്‍ പുറത്താകുന്നത്. എന്നിരുന്നാലും നിര്‍ണായകമായ നാലാം മത്സരത്തില്‍ സഞ്ജു തിരിച്ചിവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവസരം ലഭിച്ചിട്ടും മുതലാക്കാന്‍ സാധിക്കാതെ സഞ്ജു ഇഴയുമ്പോള്‍ ആശങ്ക മറികടക്കാന്‍ താരത്തിന് അഗ്രസീവ് സ്‌ട്രൈക്ക് തന്നെ ആവശ്യമാണ്.

നിലവില്‍ ടി-20ഐയില്‍ 40 മത്സരങ്ങളിലെ 36 ഇന്നിങ്സില്‍ നിന്ന് 26.4 എന്ന ആവറേജില്‍ 844 റണ്‍സാണ് സഞ്ജു നേടിയത്. മാത്രമല്ല 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ സഞ്ജുവിനുണ്ട്.

 

Content Highlight: Sanju Samson Need Three Six For Achieve Great Record In T-20i