| Wednesday, 13th November 2024, 2:41 pm

ഒറ്റ സിക്‌സറടിച്ചാല് രോഹിത് ശര്‍മയും വീഴും; അടിച്ചുകയറാന്‍ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ മൂന്നാം ടി-20 മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പരയില്‍ മുമ്പിലെത്താന്‍ സാധിക്കും.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇരു ടീമിന്റെയും ബാറ്റര്‍മാര്‍ സമഗ്രാധിപത്യം പുലര്‍ത്തിയേക്കും.

ഓപ്പണര്‍ സഞ്ജു സാംസണിലാണ് ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ പാടെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഈ മത്സരത്തില്‍ ഒരു റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് അവസരമുണ്ട്. ഇതിനായി വേണ്ടതാകട്ടെ കേവലം ഒറ്റ സിക്‌സറും.

2024ല്‍ ഏറ്റവുമധികം ടി-20 സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒറ്റയ്ക്ക് രണ്ടാം സ്ഥാനം സ്വന്തമാക്കാനാണ് സഞ്ജു ഒരുങ്ങുന്നത്. നിലവില്‍ 46 സിക്‌സറുമായി രോഹിത് ശര്‍മക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് താരം.

2024ല്‍ ഏറ്റവുമധികം ടി-20 സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 60

സഞ്ജു സാംസണ്‍ – 46

രോഹിത് ശര്‍മ – 46

വിരാട് കോഹ്‌ലി – 45

ശിവം ദുബെ – 43

റിയാന്‍ പരാഗ് – 42

ഇന്ത്യന്‍ ടീമിനായി പത്ത് ഇന്നിങ്‌സില്‍ നിന്നുമായി 22 സിക്‌സര്‍ സ്വന്തമാക്കിയ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച 15 ഇന്നിങ്‌സില്‍ നിന്നും 24 സിക്‌സറും സ്വന്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ മറ്റൊരു നേട്ടവും സഞ്ജുവിന് മുമ്പിലുണ്ട്. ഈ കലണ്ടര്‍ ഇയറില്‍ 1,000 ടി-20 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്.

ഈ പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ നിന്നുമായി 142 റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ റെക്കോഡിലേക്ക് സഞ്ജുവിന് കാലെടുത്ത് വെക്കാന്‍ സാധിക്കും. കരിയറില്‍ ആദ്യമായാണ് സഞ്ജു ഈ റെക്കോഡിലെത്താനുള്ള വഴി തുറക്കുന്നത്.

2024ല്‍ കളിച്ച 25 ഇന്നിങ്സില്‍ നിന്നും 42.90 ശരാശരിയിലും 161.88 സ്ട്രൈക്ക് റേറ്റിലും 858 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളുമാണ് രാജസ്ഥാന്‍ നായകന്‍ അടിച്ചുകൂട്ടിയത്.

രാജസ്ഥാന്‍ റോയല്‍സിനായി 15 മത്സരത്തില്‍ നിന്നും 48.27 ശരാശരിയിലും 153.47 സ്ട്രൈക്ക് റേറ്റിലും 531 റണ്‍സ് നേടിയ താരം ഇന്ത്യക്കായി പത്ത് ഇന്നിങ്സില്‍ നിന്നും 36.33 ശരാശരിയിലും 177.71 സ്ട്രൈക്ക് റേറ്റിലും 327 റണ്‍സും അടിച്ചെടുത്തു.

2024ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലിക്ക് ശേഷം രണ്ടാമനാണ് സാംസണ്‍. 921 റണ്‍സാണ് 2024ല്‍ വിരാട് നേടിയത്.

Content Highlight: Sanju Samson need one sixer to surpass Rohit Sharma in most T20 sixes in 2024

We use cookies to give you the best possible experience. Learn more