|

കോച്ച് ഗംഭീറിനെ വെട്ടാന്‍ സഞ്ജു; മൂന്നാം മത്സരത്തില്‍ തിളങ്ങിയാല്‍ അത് സംഭവിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20 മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 2-0ന് മുമ്പിലാണ്. ജനുവരി 28ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം മത്സരത്തിലും വിജയിച്ചാല്‍ ഇന്ത്യയ്ക്ക് നേരിട്ട് പരമ്പര സ്വന്തമാക്കാം.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സംബന്ധിച്ച് മൂന്നാം മത്സരം ഏറെ നിര്‍ണായകമായിരിക്കും. മോശം പ്രകടനങ്ങളെ മാത്രം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സഞ്ജു സൗരാഷ്ട്രയില്‍ നല്‍കേണ്ടത്.

ഈ മത്സരത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനുള്ള അവസരവും സഞ്ജുവിന് മുമ്പിലുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിന് ഗംഭീറിനെ പിന്തള്ളാനുള്ള അവസരം ഒരുങ്ങുന്നത്.

നിലവില്‍ 35 ഇന്നിങ്‌സില്‍ നിന്നും 27.12 ശരാശരിയില്‍ 841 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 36 ഇന്നിങ്‌സില്‍ നിന്നും 932 റണ്‍സാണ് ഗംഭീര്‍ സ്വന്തമാക്കിയത്. 92 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഗംഭീറിനെ മറികടക്കാന്‍ സാധിക്കും.

ഈ പരമ്പരയില്‍ തന്നെ മറ്റ് ചില റെക്കോഡുകളും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 1,000 ടി-20 റണ്‍സ് എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ള പ്രധാന റെക്കോഡ്.

ഇനിയുള്ള മൂന്ന് മത്സരത്തില്‍ നിന്നും 159 റണ്‍സടിക്കാന്‍ സാധിച്ചാല്‍ കരിയറിലെ സുപ്രധാന നാഴികക്കല്ലിലൊന്ന് മറികടക്കാന്‍ സഞ്ജുവിന് സാധിക്കും. നിലവില്‍ 11 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ടി-20 ഫോര്‍മാറ്റില്‍ 7,500 റണ്‍സ് എന്ന റെക്കോഡാണ് ഈ പരമ്പരയില്‍ സഞ്ജുവിന് മുമ്പിലുള്ള മറ്റൊരു ലക്ഷ്യം. 176 റണ്‍സ് കൂടിയാണ് ഈ റെക്കോഡിലെത്താന്‍ സഞ്ജുവിന് ആവശ്യമുള്ളത്. ടി-20 ഫോര്‍മാറ്റില്‍ എം.എസ്. ധോണിക്ക് പോലും നേടാന്‍ സാധിക്കാത്ത റെക്കോഡ് നേട്ടമാണിത്.

നിലവില്‍ കളിച്ച 279 ഇന്നിങ്സില്‍ നിന്നും 29.77 ശരാശരിയിലും 136.92 സ്ട്രൈക്ക് റേറ്റിലും 7,324 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറിയുമാണ് ടി-20യില്‍ സഞ്ജുവിന്റെ സമ്പാദ്യം.

ഇന്ത്യന്‍ ദേശീയ ടീമിനും ആഭ്യന്തര തലത്തില്‍ കേരളത്തിനും വേണ്ടി ബാറ്റെടുത്ത സഞ്ജു ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി റണ്ണടിച്ചുകൂട്ടി.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 382 – 12,886

രോഹിത് ശര്‍മ – 435 – 11,830

ശിഖര്‍ ധവാന്‍ – 331 – 9,797

സുരേഷ് റെയ്ന – 319 – 8,654

സൂര്യകുമാര്‍ യാദവ് – 282 – 7,887

കെ.എല്‍. രാഹുല്‍ – 213 – 7,586

എം.എസ്. ധോണി – 342 – 7,432

ദിനേഷ് കാര്‍ത്തിക് – 360 – 7,430

സഞ്ജു സാംസണ്‍ – 279 – 7,324

ഈ പരമ്പരയില്‍ തന്നെ ഈ രണ്ട് നേട്ടങ്ങളും സഞ്ജുവിന് നേടാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Sanju Samson need 92 runs to surpass Gautam Gambhir in the list of most T20 runs

Video Stories