| Monday, 7th October 2024, 12:06 pm

2015 മുതലുള്ള കാത്തിരിപ്പാ... കരിയര്‍ തിരുത്തിക്കുറിക്കാന്‍ സഞ്ജുവിന് വേണ്ടത് വെറും 27 റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ബംഗ്ലാദേശ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ പരമ്പരയില്‍ ലീഡ് നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം നേടി. ബാറ്റിങ്ങില്‍ ഹര്‍ദിക്, സൂര്യകുമാര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

പാണ്ഡ്യ 16 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടി. സ്‌കൈ 14 പന്തില്‍ 29 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 19 പന്തില്‍ 29 റണ്‍സുമായാണ് സാംസണ്‍ പുറത്തായത്.

ടി-20യിലെ നേട്ടത്തിലേക്ക്

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി-20യില്‍ 500 റണ്‍സ് എന്ന കരിയര്‍ ഡിഫൈനിങ് റെക്കോഡിലേക്ക് ഒരടി കൂടി വെക്കാനും സഞ്ജുവിന് സാധിച്ചു. വരും മത്സരങ്ങളില്‍ 27 റണ്‍സ് നേടിയാല്‍ സഞ്ജുവിന് ഈ നേട്ടത്തിലെത്താം.

31 മത്സരത്തിലെ 27 ഇന്നിങ്‌സില്‍ നിന്നുമായി 473 റണ്‍സാണ് സഞ്ജു നേടിയത്. 19.70 ശരാശരിയിലും 132.49 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ടി-20യില്‍ സ്‌കോര്‍ ചെയ്യുന്നത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 77 ആണ്.

2015ലാണ് താരം തന്റെ അന്താരാഷ്ട്ര ടി-20 മത്സരം കളിക്കുന്നത്. ഹരാരെയില്‍ സിംബാബ്‌വേക്കെതിരെ ആദ്യ മത്സരം കളിച്ച സഞ്ജു തന്റെ രണ്ടാം അന്താരാഷ്ട്ര ടി-20 മത്സരത്തിനായി കാത്തിരിക്കേണ്ടി വന്നത് 1637 ദിവസങ്ങളാണ്. ഇക്കാലയളവില്‍ താരത്തിന് നഷ്ടപ്പെട്ടത് 73 മത്സരങ്ങളും.

2020 ജനുവരി പത്തിന് പൂനെയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്റെ രണ്ടാം അന്താരാഷ്ട്ര ടി-20.

നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് സമയം കളയാതെ മുന്നോട്ട് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.

സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?

ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം അരങ്ങേറുന്നത്.

ഈ മത്സരത്തിലും താരം സ്റ്റാര്‍ട്ടിങ് ഇലവന്റെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സഞ്ജുവിന് വേണ്ടത് ടീം മാനേജ്മെന്റിന്റെ പിന്തുണയാണ്. കുറച്ച് പരാജയങ്ങള്‍ സംഭവിച്ചാലും ടീമില്‍നിന്ന് പുറത്താക്കില്ല എന്ന ഉറപ്പാണ് സഞ്ജു കൊതിക്കുന്നത്. സൂര്യകുമാറും ഗംഭീറും അത് നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നത്.

സ്വന്തം നേട്ടങ്ങളെക്കാള്‍ ടീമിന് മുന്‍തൂക്കം നല്‍കുന്ന താരമാണ് സഞ്ജു. ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന്റെ കൂടുതല്‍ പ്രകടനങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Sanju Samson need 27 runs to complete 500 T20I runs

Latest Stories

We use cookies to give you the best possible experience. Learn more