ടി-20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സെമി കളിക്കാന്‍ ഒരുങ്ങുന്നത്.
ജൂണ്‍ 27ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദി.
ഇതുവരെ പരാജയമറിയാതെ കുതിച്ച ഇന്ത്യക്ക് രണ്ട് മത്സരങ്ങള്‍ കൂടി വിജയിച്ചാല്‍ കപ്പുയര്‍ത്താന്‍ സാധിക്കും.
ആദ്യ മത്സരം മുതല്‍ ഒരേ ടീം കോംബിനേഷന്‍ തന്നെ പരീക്ഷിക്കുന്ന ഇന്ത്യ സെമിയിലും ടീമില്‍ മാറ്റം വരുത്തിയേക്കില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ പല കോംബിനേഷനുകളും തുടര്‍ പരാജയമായിട്ടും ഒരേ ടീമില്‍ തന്നെ ഉറച്ചുനിന്ന ഇന്ത്യ, സെമി ഫൈനല്‍ അടക്കമുള്ള പ്രധാന മത്സരത്തില്‍ പരീക്ഷണത്തിനൊരുങ്ങുമെന്നും കരുതാനാകില്ല. ഇക്കാരണത്താല്‍ സഞ്ജു അടക്കമുള്ള താരങ്ങള്‍ക്ക് കളത്തിലിറങ്ങാന്‍ സാധിക്കില്ല.
എന്നാല്‍ ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്. ധ്രുവ് ജുറെലാണ് സ്‌ക്വാഡിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. ഈ പരമ്പരയില്‍ സഞ്ജുവായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.
ഈ പരമ്പരയില്‍ സഞ്ജുവിനെ ഒരു തകര്‍പ്പന്‍ നേട്ടം കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 300 സിക്‌സര്‍ എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ വെറും രണ്ട് സിക്‌സറുകളും.
ഇന്ത്യ, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്കായാണ് സഞ്ജു ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റ് വീശിയത്.
261 ഇന്നിങ്‌സില്‍ നിന്നും 29.22 ശരാശരിയിലും 134.68 സ്‌ട്രൈക്ക് റേറ്റിലും 6721 റണ്‍സ് നേടിയ സഞ്ജു 298 സിക്‌സറുകളും 549 ബൗണ്ടറികളും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും 45 അര്‍ധ സെഞ്ച്വറികളുമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ സമ്പാദ്യം.
ജൂലൈ ആറ് മുതലാണ് ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ ഹരാരെയില്‍ കളിക്കുക.
പര്യടനത്തിനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലാണ് നായകന്‍. ഇന്ത്യയുടെ അടുത്ത ജനറേഷന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് അപെക്‌സ് ബോര്‍ഡ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്.