അവനിറങ്ങിയാല്‍ ഇന്ത്യ ആളിക്കത്തും, ആ തീയില്‍ കടുവകള്‍ ചാമ്പലാകും; നിര്‍ണായക നാഴികകല്ലിലെത്താന്‍ സഞ്ജു
Sports News
അവനിറങ്ങിയാല്‍ ഇന്ത്യ ആളിക്കത്തും, ആ തീയില്‍ കടുവകള്‍ ചാമ്പലാകും; നിര്‍ണായക നാഴികകല്ലിലെത്താന്‍ സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd June 2024, 3:33 pm

ലോകകപ്പില്‍ ആവേശകരമായ സൂപ്പര്‍ 8പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തുന്നത്. സൂപ്പര്‍ 8ല്‍ നടന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, യു.എസ്.എ എന്നീ ടീമുകളെ പരാജയപ്പെടുത്തിയപ്പോള്‍ കാനഡയ്ക്കെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇതോടെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തിലും കളിക്കാന്‍ സാധിക്കാത്ത മലയാളി താരം സഞ്ജു സാംസണും ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇറങ്ങാന്‍ സാധ്യതകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. മിഡില്‍ ഓര്‍ഡറില്‍ മോശം ഫോമില്‍ കളിക്കുന്ന ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

ദുബെയ്ക്ക് പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ലോകകപ്പിനു മുന്നോടിയായി നടന്ന ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ മാത്രമായിരുന്നു സഞ്ജു കളത്തില്‍ ഇറങ്ങിയത് ആ മത്സരത്തില്‍ ഒരു റണ്‍സ് നേടി കൊണ്ടാണ് താരം മടങ്ങിയത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സഞ്ജു ഇറങ്ങുകയാണെങ്കില്‍ താരത്തെ കാത്തിരിക്കുന്നത് ഒരു പുതിയ നാഴികക്കല്ലാണ്.

മത്സരത്തില്‍ രണ്ട് സിക്‌സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്ക് നടന്നു കയറാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന് സാധിക്കും.

Also Read: ബീഹാറിലെ തോൽവിക്ക് കാരണം സീറ്റ് വിഭജനത്തിൽ വന്ന പിഴവ്: സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ

ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്‌സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.

 

Content highlight: Sanju Samson Need 2 Sixes For Record Achievement