2024 ഐ.പി.എല്‍ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാന്‍ റോയല്‍സ് സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 14 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍ന്റെ അടുത്ത മത്സരം ഏപ്രില്‍ 27ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് നടക്കുന്നത്. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ നായകനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
ഐ.പി.എല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസതാരം ഗൗതം ഗംഭീരനെ മറികടക്കാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ 16 റണ്‍സ് കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ റണ്‍വേട്ടയില്‍ ഗംഭീറിനെ മറികടക്കാനാണ് സഞ്ജുവിന് സാധിക്കുക. 160 മത്സരങ്ങളില്‍ നിന്നും 4202 സഞ്ജു നേടിയത്.
ഐ.പി.എല്ലില്‍ കളിച്ച 154 മത്സരങ്ങളില്‍ നിന്നും 4217 റണ്‍സാണ് ഗംഭീര്‍ അടിച്ചെടുത്തിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ താരം നേടിയിട്ടുള്ളത്.
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനമാണ് മലയാളി താരം നടത്തുന്നത്. ഇതിനോടകം തന്നെ എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 314 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. 62.8 ആവറേജിലും 152.42 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടാന്‍ ഒരുപിടി മികച്ച താരങ്ങളാണ് മത്സരിക്കുന്നത്. റിഷബ് പന്ത്, റിങ്കു സിങ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍ എന്നീ താരങ്ങളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഇടം നേടാന്‍ ഏറ്റവും മുന്‍നിരയില്‍ ഉള്ളത്.
അജിത്ത് അഗാര്‍ക്കറിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മെയ് ഒന്നിനാണ് ഇന്ത്യന്‍ ടി-20 ലോകകപ്പിനുഉള്ള ടീമിനെ പ്രഖ്യാപിക്കുക. സഞ്ജു ഇന്ത്യയുടെ വിക്കറ്റിന് പിന്നില്‍ ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.
Content Highlight: Sanju Samson need 16 runs to break Gautham Gambhir record in IPL