| Wednesday, 13th November 2024, 11:59 am

രണ്ട് മത്സരം, വേണ്ടത് 142 റണ്‍സ്; ഇപ്പോഴില്ലെങ്കില്‍ ഇനി സാധിക്കില്ല; ഐതിഹാസിക നേട്ടത്തിലേക്ക് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പരയില്‍ മുമ്പിലെത്താന്‍ സാധിക്കും.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇരു ടീമിന്റെയും ബാറ്റര്‍മാര്‍ സമഗ്രാധിപത്യം പുലര്‍ത്തിയേക്കും.

ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടുകയും രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്താകുകയും ചെയ്ത സഞ്ജു സാംസണെ സംബന്ധിച്ചും ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഈ വര്‍ഷം ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരമെന്ന മോശം നേട്ടം സ്വന്തമാക്കിയ സഞ്ജുവിന് സെഞ്ചൂറിയനില്‍ തിളങ്ങാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

തിരിച്ചുവരവിനൊപ്പം ഒരു റെക്കോഡ് നേട്ടവും സഞ്ജുവിന് മുമ്പിലുണ്ട്. ഈ കലണ്ടര്‍ ഇയറില്‍ 1,000 ടി-20 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്.

ഈ പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ നിന്നുമായി 142 റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ റെക്കോഡിലേക്ക് സഞ്ജുവിന് കാലെടുത്ത് വെക്കാന്‍ സാധിക്കും. കരിയറില്‍ ആദ്യമായാണ് സഞ്ജു ഈ റെക്കോഡിലെത്താനുള്ള വഴി തുറക്കുന്നത്.

2024ല്‍ കളിച്ച 25 ഇന്നിങ്‌സില്‍ നിന്നും 42.90 ശരാശരിയിലും 161.88 സ്‌ട്രൈക്ക് റേറ്റിലും 858 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളുമാണ് രാജസ്ഥാന്‍ നായകന്‍ അടിച്ചുകൂട്ടിയത്.

രാജസ്ഥാന്‍ റോയല്‍സിനായി 15 മത്സരത്തില്‍ നിന്നും 48.27 ശരാശരിയിലും 153.47 സ്‌ട്രൈക്ക് റേറ്റിലും 531 റണ്‍സ് നേടിയ താരം ഇന്ത്യക്കായി പത്ത് ഇന്നിങ്‌സില്‍ നിന്നും 36.33 ശരാശരിയിലും 177.71 സ്‌ട്രൈക്ക് റേറ്റിലും 327 റണ്‍സും അടിച്ചെടുത്തു.

2024ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിക്ക് ശേഷം രണ്ടാമനാണ് സാംസണ്‍. 921 റണ്‍സാണ് 2024ല്‍ വിരാട് നേടിയത്.

ഈ കലണ്ടര്‍ ഇയറില്‍ 1,000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ ഇനി രണ്ട് ഇന്നിങ്‌സുകള്‍ മാത്രമാണ് സഞ്ജുവിന് അവശേഷിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യക്കോ സഞ്ജുവിനോ ടി-20 മത്സരങ്ങള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്നതിനാല്‍ തന്നെ ഈ രണ്ട് മത്സരങ്ങളും സഞ്ജുവിന് നിര്‍ണായകമായിരിക്കും.

Content highlight: Sanju Samson need 142 runs to complete 1,000 T20 runs in 2024

We use cookies to give you the best possible experience. Learn more