മലയാളി സൂപ്പര്‍ താരം സഞ്ജു സാംസന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സീസണില്‍ അവിസ്മരണീയമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത അങ്കം. ചെന്നൈയുടെ തട്ടകമായചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ 14 റണ്‍സ് കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഐ.പി.എല്ലിന്റെ ഒരു സീസണില്‍ സഞ്ജു നേടുന്ന ഏറ്റവും വലിയ റണ്‍സ് എന്ന നേട്ടമാണ് സ്വന്തമാക്കാനിരിക്കുന്നത്. 2021 സീസണില്‍ നേടിയ 484 റണ്‍സാണ് സഞ്ജു ഐ.പി.എല്ലില്‍ ഒരു സീസണില്‍ നേടിയ ഏറ്റവും ഉയര്‍ന്ന റണ്‍സ്.
ഇതിന് ശേഷം നടന്ന വര്‍ഷങ്ങളില്‍ ഒന്നും സഞ്ജുവിന് ഈ റണ്‍സ് മറികടക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ വരാനിരിക്കുന്ന മത്സരങ്ങളില്‍ ഈ 484 എന്ന കടമ്പ കടക്കാന്‍ സുവര്‍ണാവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.
ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 471 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 67.29 ആവറേജിലും 163.54 സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജു ബാറ്റ് വീശിയത്. സഞ്ജുവിന്റെ ബാറ്റില്‍ നിന്നും വരാനിരിക്കുന്ന മത്സരങ്ങളിലും മിന്നും പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഐ.പി.എല്‍ അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് സഞ്ജുവിന്റെ മുന്നിലുള്ളത് ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ ടീമില്‍ റിഷബ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്.
Content Highlight: Sanju Samson Need 14 Runs For Record Achievement