Sports News
ആരുടെ കണ്ണില്‍ പൊടിയിടാനായിരുന്നു? അന്ന് കുന്നോളം പ്രതീക്ഷ നല്‍കി, ഇന്ന് ലോകകപ്പ് സ്‌ക്വാഡില്‍ പുറത്താക്കി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 05, 09:19 am
Tuesday, 5th September 2023, 2:49 pm

വരുന്ന ഒക്ടോബറില്‍ ആരംഭിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ. രോഹിത് ശര്‍മയെ നായകനായും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്തിയ സഞ്ജു സാംസണ് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനെയും കെ.എല്‍. രാഹുലിനെയുമാണ് അപെക്‌സ് ബോര്‍ഡ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജുവിന് സ്‌ക്വാഡില്‍ ഇടമുണ്ടായിരുന്നില്ല. ആ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് അപെക്‌സ് ബോര്‍ഡിന്റെ സ്‌ക്വാഡ് സെലക്ഷനും. സഞ്ജുവിന് പുറമെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സ്ഥാനം നേടിയ പ്രസിദ്ധ് കൃഷ്ണ, യുവതാരം തിലക് വര്‍മ എന്നിവര്‍ക്കും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

നേരത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്നതില്‍ ആരാധകര്‍ ഏറെ ത്രില്ലടിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസും ഐ.സി.സി ലോകകപ്പും ഏകദേശം ഒരേ സമയത്ത് വരുന്നതിനാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ ഇടം നേടാത്തവര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുമെന്നായിരുന്നു ആരാധകര്‍ വിശ്വസിച്ചത്.

ഇതിന് ശേഷം നടന്ന ഇന്ത്യയുടെ വിന്‍ഡീസ്, അയര്‍ലന്‍ഡ് പര്യടനത്തിലും തരക്കേടില്ലാത്ത പ്രകടനം നടത്തിയതോടെ സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.

 

എന്നാലിപ്പോള്‍ ഏഷ്യന്‍ ഗെയിംസിലും ലോകകപ്പിലുമടക്കമുള്ള ബിഗ് ഇവന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം സഞ്ജുവിന് നഷ്ടമായിരിക്കുകയാണ്. ഒരുപക്ഷേ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ചുള്ള പൂര്‍ണ ചിത്രം ആരാധകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ കെ.എല്‍. രാഹുലിന്റെ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത സാഹചര്യത്തിലും സഞ്ജുവിനെ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയി ഉള്‍പ്പെടുത്തിയ സാഹചര്യത്തിലും ആരാധകര്‍ക്ക് മുമ്പില്‍ നേരിയ പ്രതീക്ഷകളുണ്ടായിരുന്നു.

എന്നാല്‍ രാഹുലിന് ആദ്യ രണ്ട് മത്സരത്തില്‍ വിശ്രമം നല്‍കുകയും മെഡിക്കല്‍ ടീം താരത്തിന്റെ ആരോഗ്യനിലയില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ സഞ്ജുവിന് മുമ്പില്‍ പ്രതീക്ഷയുടെ ഇത്തരിവെട്ടവും അണയുകയായിരുന്നു.

 

 

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ടീം

ഋതുരാജ് ഗെയിക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദൂബെ, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍)

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍

യാഷ് താക്കൂര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍

 

Content Highlight: Sanju Samson misses out on World Cup squad and Asian Games squad