ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് അനലിസ്റ്റായ ജോണ്‍സ് ബെന്നിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരമ്പരക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഞ്ജു സാംസണ്‍ ഉപനായകന്‍ ആകാനാണ് സാധ്യത കല്‍പിക്കുന്നത്. ലോകകപ്പിന് തൊട്ട് മുമ്പ് നടക്കുന്ന മത്സരമായതിനാല്‍ ലോകകപ്പിന് ഇറങ്ങുന്ന താരങ്ങളില്‍ ഭൂരിഭാഗം കളിക്കാരും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടീമില്‍ കാണില്ല.
ശിഖര്‍ ധവാനായിരിക്കും ടീമിന്റെ നായകസ്ഥാനം വഹിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. അവസരം കാത്ത് നില്‍ക്കുന്ന ഒരുപാട് താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ കയറാന്‍ സാധിക്കുന്ന പരമ്പരയായിരിക്കുമിത്.
സഞ്ജു ഇന്ത്യന്‍ ടീമിന്റെ നായകനായാല്‍ അത് പുതിയ ചരിത്രം തന്നെയായിരിക്കും. ഒരു സമയത്ത് അവസരം കാത്തുനിന്നിരുന്ന അദ്ദേഹമിപ്പോള്‍ ഇന്ത്യ എ ടീമിന്റെ നായകനാണ്. ന്യൂസിലാന്‍ഡ് എ-ക്കെതിരെയുള്ള പരമ്പരയിലാണ് അദ്ദേഹം നായകസ്ഥാനത്ത് നില്‍ക്കുന്നത്.
ലോകകപ്പ് ടീമില്‍ സഞ്ജുവിന് അവസരം നല്‍കാത്തതില്‍ വ്യാപകമായ പ്രതിഷേധം ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയയിലും കണ്ടിരുന്നു. കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യക്ക് വേണ്ടിയും രാജസ്ഥാന് വേണ്ടിയും മികച്ച പ്രകടനം നടത്തുന്ന താരമാണ് സഞ്ജു.
നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി-20 പരമ്പരയാണിത്. ടീമിന് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമാണ് ഇത്.
സെപ്റ്റംബര്‍ 28 ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.